തീർത്ഥാടകർ ഒഴുകിയെത്തി, ദേവലോകം പെരുന്നാൾ ശനിയാഴ്ച സമാപിക്കും.


കോട്ടയം: പ്രസിദ്ധമായ ദേവലോകം പെരുന്നാളിൽ സംബന്ധിക്കുവാൻ മലങ്കരസഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്ന് വിശ്വാസികൾ ഒഴുകിയെത്തി. കുറിച്ചി വലിയ പള്ളിയിൽ നിന്നുള്ള തീർത്ഥാടകരെ കോടിമത പടിഞ്ഞാറേക്കര അങ്കണത്തിൽ ദേവലോകം അരമന അസിസ്റ്റൻഡ് മാനേജർ ഫാ.​ഗീവർ​ഗീസ് ജോൺസന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയടക്കമുള്ള ജനപ്രതിനിധികൾ സന്നിഹിതരായിരുന്നു. വിവിധ ഭദ്രാസനങ്ങളിൽ നിന്നെത്തി സെൻട്രൽ ജം​ഗ്ഷനിൽ സം​ഗമിച്ച തീർത്ഥാടക സംഘത്തെ കോട്ടയം ന​ഗരസഭയുടെ നേതൃത്വത്തിൽ വരവേറ്റു. ന​​ഗരസഭാ ചെയർമാൻ എം.പി സന്തോഷ്കുമാർ, വൈസ് ചെയർപേഴ്സൺ ഷീബാ പുന്നൻ, കൗൺസിലർ ടോം കോര എന്നിവരുടെ നേതൃത്വത്തിൽ പദയാത്രികരെ സ്വീകരിച്ചു. കോട്ടയം മാർ ഏലിയാ കത്തീഡ്രലിലും, ദേവലോകം അരമനയിലും സന്ധ്യാനമസ്ക്കാരം നടന്നു. അരമനയിൽ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. മെത്രാപ്പോലീത്താമാരായ ഡോ.​ഗീവർ​ഗീസ് മാർ കൂറിലോസ്, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ.മാത്യൂസ് മാർ തീമോത്തിയോസ്, ഡോ.സഖറിയാസ് മാർ അപ്രേം, ഡോ.​ഗീവർ​ഗീസ് മാർ തെയോഫിലോസ്, ​ഗീവർ​ഗീസ് മാർ പീലക്സീനോസ്, സഖറിയാസ് മാർ സേവേറിയോസ് എന്നിവർ സ​ഹകാർമ്മികരായി. ഫാ.ഡോ.ഷാജൻ വർ​ഗീസ് അനുസ്മരണ പ്രസം​ഗം നടത്തി. തുമ്പമൺ ഭ​ദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലും, വഴുവാടി മാർ ബസേലിയോസ് പള്ളിയിൽ നിന്നും, വിവിധ ഭദ്രാസനങ്ങളിൽ നിന്നും എത്തിയ തീർത്ഥാടകരെ അരമന മാനേജർ ഫാ.യാക്കോബ് റമ്പാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥനയും, ശ്ലൈഹിക വാഴ്വും നടന്നു. ബസേലിയോസ് ​ഗീവർ​ഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 62ാം ഓർമ്മപ്പെരുന്നാൾ, പരിശുദ്ധ ബസേലിയോസ് ഔ​ഗേൻ പ്രഥമൻ, പരിശുദ്ധസ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ എന്നീ കാതോലിക്കാ ബാവാമാരുടെ സംയുക്ത ഓർമ്മപ്പെരുന്നാൾ ദിനമായ ശനിയാഴ്ച വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. ഡോ.​ഗബ്രിയേൽ മാർ ​ഗ്രീ​ഗോറിയോസ്, ഡോ.​ഗീവർ​ഗീസ് മാർ തെയോഫിലോസ് എന്നിവർ സഹകാർമ്മികരാകും. അനുസ്മരണപ്രസം​ഗം, കബറിങ്കൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം, ആശീർവാദം, നേർച്ച വിളമ്പ് എന്നിവയോടെ ഓർമ്മപ്പെരുന്നാളിന് സമാപനമാകും.