എരുമേലി: എരുമേലി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ മൂലക്കയത്തെയും പെരുനാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കിസുമത്തെയും തമ്മിൽ ബന്ധിപ്പിച്ച് പമ്പയാറിന് കുറുകെ ചെക്ക് ഡാം കം ബ്രിഡ്ജ് നിർമ്മിക്കുന്നതിന് 5 കോടി രൂപ അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെൻഡർ ഉറപ്പിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ പറഞ്ഞു.

 

 മൂലക്കയം പ്രദേശത്തെ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും പമ്പയാറിന്റെ മറുകരയിൽ കാണാവുന്ന ദൂരത്തിൽ സ്ഥിതി ചെയ്യുന്ന കിസുമം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് പഠനം നടത്തുന്നത്. എന്നാൽ ഈ വിദ്യാർത്ഥികൾക്ക് പമ്പയാറിൽ പാലം ഇല്ലാതിരുന്നതുമൂലം കിലോമീറ്റർ ചുറ്റി സഞ്ചരിച്ച് എയ്ഞ്ചൽ വാലി, കണമല വഴി മാത്രമേ സ്കൂളിലെത്താൻ കഴിയുമായിരുന്നുള്ളൂ. പാലം യാഥാർത്ഥ്യമാകുന്നതോടെ മൂലക്കയം പ്രദേശത്തെ വിദ്യാർഥികൾക്ക് കാൽനടയായി മിനിറ്റുകൾ കൊണ്ട് സ്കൂളിലെത്താൻ കഴിയും. കൂടാതെ മൂലക്കയം ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും കിസുമം ഭാഗത്തേക്കും തൊട്ടടുത്ത ജംഗ്ഷനായ തുലാപ്പള്ളിയിലേക്കും അതുവഴി റാന്നിക്കും എല്ലാം എളുപ്പത്തിൽ സഞ്ചരിക്കാൻ ഈ പാലം ഉപകരിക്കും. കൂടാതെ ശബരിമല തീർത്ഥാടകർ അടക്കം എല്ലാ വിഭാഗം യാത്രക്കാർക്കും പാലം യാഥാർത്ഥ്യമാകുന്നതോടെ ഏറെ പ്രയോജനപ്രദമാകും. ടെൻഡർ ഉറപ്പിച്ച് അടുത്തമാസം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാൻ കഴിയും എന്നും എം എൽ എ പറഞ്ഞു.