ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ ഡോക്ടറെ മർദ്ദിച്ച കേസിൽ നഗരസഭ കൗൺസിലർ അറസ്റ്റിൽ. കോട്ടയം ഭാരത് ആശുപ്രതിയിലെ അസ്ഥിരോഗ വിദഗ്ധൻ കോട്ടയം ശ്രീനിലയം വീട്ടിൽ ഡോ.ബി. ശ്രീകുമാറിനെ മർദ്ദിച്ച കേസിൽ ചലചിത്ര താരം കൃഷ്ണപ്രസാദിൻ്റെ ജേഷ്ഠ സഹോദരനും, ചങ്ങനാശ്ശേരി നഗരസഭാ കൗൺസിലറുമായ എൻ പി കൃഷ്ണകുമാർ അറസ്റ്റിൽ.

കൃഷ്ണകുമാറിനും നടൻ കൃഷ്ണ പ്രസാദിനും എതിരെ ഡോക്ടർ ചങ്ങനാശ്ശേരി പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. പെരുന്ന സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിനടുത്ത് ഭാര്യയുടെ പേരിലുള്ള പുരയിടത്തിൽ ഡോ.ശ്രീകുമാർ പുതിയ വീട് നിർമിക്കുന്നതിൻ്റെ ഭാഗമായി തൊഴിലാളികൾ കല്ലുകെട്ട് തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. കല്ലുകെട്ടുന്നത് നടൻ കൃഷ്‌ണപ്രസാദ് തടയുകയും കല്ലുകെട്ടിയാൽ പൊളിക്കുമെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തു എന്ന് പരാതിയിൽ പറയുന്നു. ഡോക്ടർ സ്‌ഥലത്തെത്തിയപ്പോൾ വില്ലേജ് ഓഫിസറുമായി കൃഷ്ണകുമാറും, കൃഷ്ണപ്രസാദും എത്തി. അതു മൊബൈലിൽ പകർത്തുന്നതിനിടെയാണ് മർദനമേറ്റതെന്നാണ് പരാതി. തലയ്ക്കും മൂക്കിനും പരിക്കേറ്റ ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കോട്ടയം ഭാരത് ആശുപത്രിയിലെ ഡോക്ടറും, കോട്ടയം നേച്ചർ സൊസൈറ്റി പ്രസിഡൻ്റും, പക്ഷി നിരീക്ഷകനും, പരിസ്ഥിതി പ്രവർത്തകനുമാണ് ഡോ. ബി ശ്രീകുമാർ. ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ വെള്ളിയാഴ്ച വൈകിട്ട് കോട്ടയത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിക്ഷേധ സംഗമം സംഘടിപ്പിച്ചിരുന്നു. അതേസമയം വയൽനികത്തിയ സ്ഥലത്താണ് ഡോക്ടർ നിർമാണ പ്രവൃത്തി നടത്തുന്നതെന്നും ഇവിടെ റോഡിനോടു ചേർന്ന് വെള്ളമൊഴുകുന്ന ഓട നികത്താനുള്ള ശ്രമത്തെയാണ് ചോദ്യം ചെയ്‌തതെന്നും കൃഷ്ണപ്രസാദ് ഇന്നലെ പറഞ്ഞിരുന്നു. ഇതു തന്റെ മാത്രം ആവശ്യമല്ലെന്നും സ്‌ഥലത്തെ 40ഓളം കുടുംബങ്ങളുട പൊതു ആവശ്യമാണെന്നും അതിനാലാണ് ഇടപെട്ടതെന്നും കൃഷ്ണപ്രസാദ് പറഞ്ഞു. ചങ്ങനാശ്ശേരി നഗരസഭ 21-ാം വാർഡ് ബി ജെ പി കൗൺസിലറാണ് കൃഷ്ണകുമാർ. ചങ്ങനാശ്ശേരി പെരുന്ന എൻ എസ് എസ് കരയോഗം പ്രസിഡൻ്റ് കൂടിയാണ് അദ്ദേഹം.
