എരുമേലി: ആഘോഷാരവിൽ എരുമേലിക്ക് മതസൗഹാർദ നിറവു പകർന്നു വർണ്ണാഭമായി ചന്ദനക്കുടം. ജനങ്ങൾ ഒരേമനസോടെ ഇശലുകൾക്കൊപ്പം ആനന്ദലഹരിയിൽ ചുവടുകൾ വച്ച് നീങ്ങിയത് മലയാളത്തിന്റെ പുണ്യദർശനമാണ്. മഹല്ല് മുസ്ലിം ജമാ അത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചന്ദനക്കുടം കാണാൻ ആയിരങ്ങളാണ് എത്തിയത്.

ഘോഷയാത്രയുടെ ഉത്ഘടനവും ഫ്ലാഗ് ഓഫും മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്, എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ നിരവധി പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. ചന്ദനക്കുടം ഘോഷയാത്ര നഗരം ചുറ്റിയപ്പോൾ എരുമേലി ധർമ ശാസ്താ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികൾ സ്വീകരണം ഒരുക്കി. ഘോഷയാത്രയിൽ ഉടനീളം ജാതിമത ഭേദമെന്യേ ജനങ്ങളും വിവിധ സംഘടനകളും സ്ഥാപനങ്ങളും സ്വീകരണം നൽകി. ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മഹല്ല് മുസ്ലിം ജമാ അത്തിന്റെ നേതൃത്വത്തിൽ ചന്ദനക്കുടം ആഘോഷം നടത്തുന്നത്. സന്ധ്യയോടെ നഗരം നിറക്കാഴ്ചകളുടെ പൂരത്തിലായി. നെറ്റിപ്പട്ടമണിഞ്ഞ ഗജവീരൻമാർ, ചെണ്ടമേളം, ശിങ്കാരിമേളം, കൊട്ടക്കാവടി, അമ്മൻകുടം, പമ്പമേളം, മയിലാട്ടം, മാപ്പിള ഗാനമേള എന്നിവ ആഘോഷത്തിനു മാറ്റേകി.
