ഏറ്റുമാനൂർ: എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി. സരസ്വതി അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയിൽ ഇന്നലെ ഉച്ചയ്ക്കു ശേഷമായിരുന്നു അന്ത്യം.
മനുഷ്യവേദനകളെയും, കഷ്ടപ്പാടുകളെയും ആത്മസംഘര്‍ഷങ്ങളെയും, വികാരങ്ങളെയും അക്ഷരങ്ങളില്‍ ആവാഹിച്ച് സര്‍ഗ്ഗ ഭാവനയുടെ വിസ്മയ ലോകം തീര്‍ത്ത എഴുത്തുകാരിയാണ് വിട പറഞ്ഞത്. നവോത്ഥാനം സൃഷ്ടിച്ചെടുത്ത മലയാള സാഹിത്യ ലോകത്തിന് കരുത്തു പകര്‍ന്ന പ്രശസ്ത സാഹിത്യകാരൻ കാരൂർ നീലകണ്‌ഠപ്പിള്ളയുടെ മകളും സാഹിത്യ രംഗത്തെ നേരവകാശിയുമായിരുന്ന ടീച്ചര്‍ ദീര്‍ഘകാലം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഭരണസമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സാഹിത്യ മേഖലയ്ക്ക് ദിശാബോധം നല്‍കിയ സഹകാരി കൂടിയായിരുന്നു. മലയാള സാഹിത്യ ലോകത്തെ നക്ഷത്രങ്ങളെ ഏറ്റവും അടുത്തുനിന്നു കണ്ടറിഞ്ഞ ടീച്ചര്‍ അവരെക്കുറിച്ച് എഴുതിയ സ്മരണകള്‍ മലയാള സാഹിത്യ ചരിത്രത്തിന് എക്കാലവും മുതല്‍ക്കൂട്ടാണ്. സഹകരണ വകുപ്പിന്റെ ചുമതലയേറ്റെടുത്ത ശേഷം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു മാര്‍ഗ്ഗദര്‍ശിയായിരുന്നു സരസ്വതി ടീച്ചര്‍. കേരളത്തിന് അഭിമാനമായി ഇന്ന് തല ഉയര്‍ത്തി നില്‍ക്കുന്ന അക്ഷരമ്യൂസിയം യാഥാര്‍ത്ഥ്യമാക്കുന്ന കാര്യത്തില്‍ എപ്പോഴും സജീവമായി ഇടപെട്ടിരുന്നു. ഭർത്താവ്: പരേതനായ എം.ഇ നാരായണക്കുറുപ്പ് (റിട്ട. ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത്, കേരളസർക്കാർ). ഓർമകൾ ചന്ദനഗന്ധം പോലെ, കരിഞ്ഞ പൂക്കൾ, വാസന്തിക്കൊരു രക്ഷാമാർഗം, ക്യൂറിയും കൂട്ടുകാരും, ഭഗവദ് ഗീത പുനരാഖ്യാനം എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മക്കൾ: പ്രശസ്ത ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ വേണു, എൻ. രാമചന്ദ്രൻ (മുൻ എസ്പി, കോട്ടയം). മരുമക്കൾ: ബീന പോൾ, അപർണ രാമചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഏറ്റുമാനൂരിലെ വസതിയിൽ.

