പുതുപ്പള്ളി: പുതുപ്പള്ളിയിൽ കാടുപിടിച്ചു കിടന്ന റബർത്തോട്ടത്തിൽ അസ്ഥികൂടം കണ്ടെത്തി. പുതുപ്പള്ളി തച്ചകുന്ന് ഭാഗത്തെ റബർത്തോട്ടം തെളിക്കാനെത്തിയ മീനടം സ്വദേശികളാണ് അസ്ഥികൂടം കണ്ടത്. മൂന്നു മാസങ്ങൾക്കു മുൻപു തച്ചുകുന്ന് ഭാഗത്തുനിന്നു കാണാതായ കടുപ്പിൽ ഇ.ജെ.ചെറിയാന്റെ (74) മൃതദേഹമാണെന്നാണ് നിഗമനം. ചെറിയാന്റെ മകൻ ഷെറിൻ മൃതദേഹം തിരിച്ചറിഞ്ഞു. സെപ്റ്റംബർ 19ന് ഉച്ചയ്ക്കു 12നു ശേഷം ചെറിയാനെ വീട്ടിൽ നിന്നു കാണാതാവുകയായിരുന്നു. മൃതദേഹം ചെറിയാന്റെ വീട്ടിൽ നിന്ന് 400 മീറ്റർ മാറിയാണു കിടന്നിരുന്നത്. ഈസ്റ്റ് എസ്എച്ച്ഒ യു.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ഡിഎൻഎ പരിശോധന നടത്തി മൃതദേഹം കുടുംബത്തിനു കൈമാറും.
പുതുപ്പള്ളിയിൽ കാടുപിടിച്ചു കിടന്ന റബർത്തോട്ടത്തിൽ അസ്ഥികൂടം; 3 മാസം മുൻപ് കാണാതായ ആളുടേതെന്ന് നിഗമനം.
