കോട്ടയം: ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്കൂളിന്റ സിൽവർ ജൂബിലി ആഘോഷങ്ങളും സ്കൂൾ വാർഷികവും അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി ഉദ്‌ഘാടനം ചെയ്തു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ പരമാധ്യക്ഷനും മാർ ബസേലിയോസ് പബ്ലിക് സ്കൂൾ മാനേജരുമായ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു.
ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാ-കായിക വിദ്യാഭ്യാസ പരിപാടികളും ജീവകാരുണ്യ പദ്ധതികളും നടപ്പാക്കും. സമൂഹത്തിലെ ഭവന രഹിതർക്കായി വിഭാവനം ചെയ്യുന്ന സിൽവർ ജൂബിലി ഭവനദാന പദ്ധതിയുടെ ഉദ്‌ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. സിൽവർ ജൂബിലി ലോഗോ പ്രകാശനം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ നിർവഹിച്ചു. വ്യക്തിത്വ വികസനത്തിലും പഠനത്തിലും കലാ കായിക രംഗത്തും ഒരുപോലെ മികവ് തെളിയിച്ച പന്ത്രണ്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് കാതോലിക്കാ ബാവാ സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ സെക്രട്ടറി പ്രൊഫ. ജേക്കബ് കുര്യൻ ഓണാട്ട്, അഡ്മിനിസ്ട്രേറ്റർ ഫാ. സജി യോഹന്നാൻ, പ്രിൻസിപ്പാൾ നിനി എബ്രഹാം എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വർണാഭമായ കലാപരിപാടികളും അരങ്ങേറി.

