കോട്ടയത്ത് ആഭിചാരക്രിയയുടെ പേരിൽ ക്രൂരത; കോട്ടയം മണർകാട് നവവധുവിനുനേരേ ശാരീരിക-മാനസിക പീഡനം, ഭർത്താവും മന്ത്രവാദിയും അടക്കം മൂന്നുപേർ അറസ്റ്റിൽ.


മണർകാട്: കോട്ടയത്ത് ആഭിചാരക്രിയയുടെ പേരിൽ നവവധുവിനുനേരേ കൊടിയ ശാരീരിക-മാനസിക പീഡനം. കോട്ടയം മണർകാട് ആണ് ആഭിചാരക്രിയകളുടെ പേരിൽ യുവതിയെ ശാരീരിക മാനസിക പീഡനങ്ങൾക്ക് വിധേയ ആക്കിയത്. സംഭവത്തിൽ ഭർത്താവും മന്ത്രവാദിയും അടക്കം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടാം തീയതിയാണ് സംഭവം ഉണ്ടായത്. പത്തനംതിട്ട തിരുവല്ലയ്ക്കുസമീപം പെരുംതുരുത്തി ഭാഗത്ത് പന്നിക്കുഴി മാടാച്ചിറ വീട്ടിൽ ശിവദാസ് (54), യുവതിയുടെ ഭർത്താവായ മണർകാട് തിരുവഞ്ചൂർ സ്വദേശി കൊരട്ടിക്കുന്നേൽ അഖിൽദാസ്(26), ഇയാളുടെ പിതാവ് ദാസ്(55) എന്നിവരാണ് പിടിയിലായത്. മണർകാട് ഭർത്താവിന്റെ വീട്ടിൽ വെച്ചായിരുന്നു പീഡനം. മരിച്ചുപോയ ബന്ധുക്കളുടെ ആത്മാവ് ശരീരത്തിൽ ഉണ്ടെന്ന് പറഞ്ഞായിരുന്നു ആഭിചാരക്രിയ. രാവിലെ 11 മണി മുതല്‍ രാത്രി ഒമ്പത് മണി വരെ ക്രൂര പീഡനങ്ങളാണ് യുവതിയ്ക്ക് ഏല്‍ക്കേണ്ടി വന്നത്. ആഭിചാരക്രിയയ്ക്ക് ഇടയില്‍ ബലമായി മദ്യം കുടിപ്പിക്കുകയും ബീഡി വലിപ്പിക്കുകയും ഭസ്മം കഴിപ്പിക്കുകയും ചെയ്തു. പീഡനം സഹിക്കാതെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. ഭർത്താവിന്റെ മാതാവ് അടക്കം മറ്റു പ്രതികൾ ഒളിവിലാണ്. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. മണർകാട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.