സ്ത്രീ ശാക്തീകരണത്തിനായി കുടുംബശ്രീയുടെ“റിഥം- ഹാപ്പി ഫാമിലി ക്യാമ്പയിൻ”, ഗാർഹിക അതിക്രമങ്ങൾക്ക് എതിരായി വാക്കത്തോൺ 2025 കുമരകത്ത് സംഘടിപ്പിച്ചു.


കോട്ടയം: രണ്ടര ദശാബ്ദത്തിലേറെയായി കേരളത്തിലെ സ്ത്രീ ശാക്തീകരണ രംഗത്ത് സമഗ്ര സംഭാവനകൾ നൽകി സമൂഹമാറ്റത്തിന് വഴിയൊരുക്കിയ കുടുംബശ്രീ പ്രസ്ഥാനം പുതു ഉണർവോടെ പുതിയ കാൽവെപ്പ് നടത്തുകയാണ്. സ്ത്രീ സൗഹൃദവും ജനാധിപത്യപരവുമായ കുടുംബബന്ധങ്ങൾ വളർത്തിയെടുക്കുകയും, ഗാർഹിക അതിക്രമങ്ങൾക്കെതിരെ സാമൂഹിക ബോധവൽക്കരണം വ്യാപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷൻ ജൻഡർ വിഭാഗം “റിഥം- ഹാപ്പി ഫാമിലി ക്യാമ്പയിൻ” സംഘടിപ്പിച്ചു. കുമരകം പഞ്ചായത്തിൽ വച്ച് ക്യാമ്പയിന്റെ ഭാഗമായി “വാക്കത്തോൺ 2025” സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് കുമരകം ജെട്ടിയിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ ജില്ലാപഞ്ചായത്ത് അംഗം കെ.വി. ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു. സ്ത്രീശാക്തീകരണത്തിന്റെയും ഗാർഹിക അതിക്രമത്തിനെതിരായ ബോധവൽക്കരണത്തിന്റെയും സന്ദേശവുമായി നിരവധി കുടുംബശ്രീ പ്രവർത്തകരും യുവജനങ്ങളും പങ്കെടുത്ത വാക്കത്തോൺ കുമരകത്തിലെ പ്രധാന വഴികളിലൂടെ മുന്നേറി. തുടർന്ന് വെള്ളാരപ്പള്ളി പാരിഷ് ഹാളിൽ നടന്ന “റിഥം- ഹാപ്പി ഫാമിലി ക്യാമ്പയിൻ” ചടങ്ങ് കുമരകം പഞ്ചായത്ത് പ്രസിഡണ്ട് ധന്യ സാബുവിന്റെ അധ്യക്ഷതയിൽ നടന്നു. സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ഉഷ സലി സ്വാഗതം പറഞ്ഞു. അഡ്വ. സ്മിത കൃഷ്ണൻകുട്ടി കുടുംബബന്ധങ്ങളിലെ ജനാധിപത്യ വശങ്ങൾ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കവിത ലാലു, മേഘല ജോസഫ്, ആർഷ ബൈജു, ജില്ലാ പ്രോഗ്രാം മാനേജർ ഉഷാദേവി ഇ. എസ് എന്നിവർ സംസാരിച്ചു. മെമ്പർ സെക്രട്ടറി മുത്തു മണി ആശംസകൾ അർപ്പിച്ചു. സ്നേഹിത കൗൺസിലർ ഡോ. ഉണ്ണിമോൾ നന്ദി പ്രസംഗം നടത്തി. ചടങ്ങിന്റെ ഭാഗമായി സ്നേഹിതാ പോസ്റ്റർ റിലീസിംഗ്, വിസിറ്റിംഗ് കാർഡ് റിലീസിംഗ് എന്നിവയും നടന്നു. സമാപനഘട്ടത്തിൽ ഗാർഹിക അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണ സന്ദേശവുമായി പാട്ടരങ്ങ് കലാപരിപാടി അരങ്ങേറി.