എരുമേലി: എരുമേലിക്ക് ഇനി ശരണമന്ത്ര നാളുകൾ ആരംഭിക്കുകയായി. രണ്ടു മാസക്കാലം നീണ്ടുനിൽക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നട ഇന്ന് തുറക്കും. അയ്യപ്പ ദർശനത്തിനായി ഭക്തർ ഇന്നലെ മുതൽ എരുമേലിയിൽ എത്തിത്തുടങ്ങി.ഞായറാഴ്ച വൈകീട്ട് അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാംപടിയിറങ്ങി ശ്രീകോവിലിൽനിന്നുള്ള ദീപംകൊണ്ട് ആഴി ജ്വലിപ്പിക്കും. പതിനെട്ടാംപടിക്കു താഴെ ഇരുമുടിക്കെട്ടേന്തി കാത്തുനിൽക്കുന്ന നിയുക്ത മേൽശാന്തിമാരെ അദ്ദേഹം കൈപിടിച്ച് സന്നിധാനത്തേക്ക് ആനയിക്കും. 6.30-ഓടെ ശബരിമല സോപാനത്ത് നിയുക്ത ശബരിമല മേൽശാന്തി പ്രസാദ് നമ്പൂതിരിയെ തന്ത്രി അഭിഷേകംചെയ്ത് അവരോധിക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്രനടയിൽ നിയുക്ത മേൽശാന്തി മനു നമ്പൂതിരിയുടെ അവരോധിക്കൽ ചടങ്ങും നടക്കും. ഞായറാഴ്ച പൂജകൾ ഇല്ല. തിങ്കളാഴ്ച പുലർച്ചെ മൂന്നിന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നതോടെ തീർഥാടനം തുടങ്ങും. ദിവസവും പുലർച്ചെ മൂന്നുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി 11 വരെയുമാണ് ദർശനം. ഡിസംബർ 26-ന് തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. 27-ന് മണ്ഡലപൂജ. അന്ന് രാത്രി നട അടയ്ക്കുന്നതോടെ മണ്ഡലകാല തീർഥാടനം സമാപിക്കും. ഡിസംബർ 30-ന് വൈകീട്ട് അഞ്ചിന് മകരവിളക്ക് ഉത്സവത്തിന് നട തുറക്കും. ജനുവരി 14-നാണ് മകരവിളക്ക്. ജനുവരി 19 വരെ ഭക്തർക്ക് ദർശനം നടത്താം. 20-ന് രാവിലെ രാജപ്രതിനിധിയുടെ ദർശനത്തിനുശേഷം നട അടയ്ക്കും. ദർശനത്തിന് ഓൺലൈൻ ബുക്കിങ് നിർബന്ധമാണ്. www.sabarimalaonline.org എന്നതാണ് വെബ്‌സൈറ്റ്. പ്രതിദിനം 70000 പേർക്ക് ഓൺലൈനിൽ ബുക്കുചെയ്യാം. പമ്പ, നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ സത്രം, ചെങ്ങന്നൂർ എന്നിവടങ്ങളിൽ സ്‌പോട്ട് ബുക്കിങ് സൗകര്യം ഉണ്ട്. പകൽ എരുമേലിയിൽ എത്തിയ ഭക്തജനങ്ങൾ പേട്ടതുള്ളി എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെത്തി ദർശനം നടത്തി. ചില സംഘങ്ങൾ ഇന്നലെയും മറ്റു ചിലർ ഇന്നുമായി ശബരിമലയിലേക്ക് യാത്ര തിരിക്കും. മണ്ഡല-മകരവിളക്ക് താർത്ഥാടനവുമായി ബന്ധപ്പെട്ടു എരുമേലിയിലും ശബരിമലയിലും ഇടത്താവളങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി. ഇത്തവണ കൂടുതൽ ഭക്തർ ദർശനത്തിനായി എത്തുമെന്ന നിഗമനത്തിലാണ് ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.
എരുമേലിക്ക് ഇനി ശരണമന്ത്ര നാളുകൾ! രണ്ടു മാസക്കാലം നീണ്ടുനിൽക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം, ശബരിമല നട ഇന്ന് തുറക്കും.
