വൈക്കം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള വൈക്കം മഹാദേവക്ഷേത്രത്തിലെയും സ്വർണ്ണം കാണാനില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. വഴിപാട് ഇനങ്ങളിലായി ലഭിച്ച 255 ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ റിപ്പോർട്ട്. 2020-21 കാലയളവിലെ തിരുവാഭരണ രജിസ്റ്റർ പരിശോധിച്ചപ്പോഴാണ് സ്വർണ്ണത്തിന്റെ ഈ കുറവ് ഓഡിറ്റ് വകുപ്പ് കണ്ടെത്തിയത്. 2020-21 കാലയളവിൽ 255 ഗ്രാം സ്വർണ്ണത്തിന്റെ കുറവുണ്ടെന്നാണ് ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ. സ്ട്രോങ് റൂമിൽ 199 സ്വർണ്ണ ഉരുപ്പടികൾ പരിശോധിച്ചപ്പോൾ 2992 ഗ്രാം സ്വർണം മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം മാർച്ചിലാണ് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ ദേവസ്വം ബോർഡിനായുള്ള വിഭാഗം ഓഡിറ്റ് പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം നവംബറിൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഈ ഗുരുതരമായ ക്രമക്കേട് സംബന്ധിച്ച റിപ്പോർട്ടിന്മേൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.
വൈക്കം ക്ഷേത്രത്തിലെയും സ്വർണം നഷ്ടപ്പെട്ടു; 255 ഗ്രാം സ്വർണം കാണാനില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്.