തിരുവനന്തപുരം: ശബരിമലയിലെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയില്‍ പൂർത്തിയാക്കാൻ നിര്‍ദ്ദേശം നല്‍കിയതായി ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി സെക്രട്ടേറിയേറ്റ് ദര്‍ബാര്‍ഹാളില്‍ ചേർന്ന അവലോകന യോഗം ചേർന്നു. ആഗോള അയപ്പസംഗമം, രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം എന്നിവയുടെ ഭാഗമായി ഇത്തവണ നേരത്തേതന്നെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. നേരത്തേ രണ്ട് അവലോകന യോഗങ്ങള്‍ പൂര്‍ത്തിയാക്കി നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കിയിരുന്നു. ഈ വര്‍ഷം കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിച്ചേരും എന്ന നിലയില്‍ വേണം ക്രമീകരണങ്ങള്‍ മുന്നോട്ടുകൊണ്ടു പോകേണ്ടത് എന്ന് മന്ത്രി പറഞ്ഞു. തീർത്ഥാടകർക്ക് അപ്പവും, അരവണയും ഒരു മുടക്കവും കൂടാതെ ലഭ്യമാക്കാൻ വൃശ്ചികം ഒന്നിന് 50 ലക്ഷം മുതൽ 65 ലക്ഷം വരെ പായ്ക്ക് ബഫർ സ്റ്റോക്ക് തയാറാക്കും. നിലവിൽ 15 ലക്ഷം സ്റ്റോക്ക് ല്യമാക്കിയിട്ടുണ്ട്. വിർച്വൽ ക്യൂ സംവിധാനത്തിൽ ഇത്തവണയും കഴിഞ്ഞ വർഷത്തെ പോലെ എൻട്രി പോയിന്റുകളിൽ ബുക്കുചെയ്യുന്നതിന് സൗകര്യമൊരുക്കും. ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ കാർഡിലൂടെയാണ് രജിസ്ട്രേഷന്‍ സൗകര്യമുണ്ടാകുക. ശബരിമല തീര്‍ത്ഥാടനത്തിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തി തീര്‍ത്ഥാടകര്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ ദേവസ്വം ബോര്‍ഡ് സജ്ജമാക്കും. കഴിഞ്ഞ വര്‍ഷം ആരംഭിച്ച തീര്‍ത്ഥാടകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഇത്തവണ കേരളം മുഴുവന്‍ ലഭ്യമാക്കുന്നതിനും തീരുമാനം എടുത്തിട്ടുണ്ട്. തീർഥാടകരുടെ സൗകര്യങ്ങൾ ഉറപ്പാക്കാൻ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. സുരക്ഷിത തീർഥാടനം ഉറപ്പാക്കാൻ വിവിധ ഭാഷകളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
.png)
