തലയോലപ്പറമ്പ്: ഭാര്യയുടെ ആഗ്രഹമായിരുന്നു ഇത്, സർക്കാരും ജനങ്ങളും ഞങ്ങളെ ചേർത്തുനിർത്തി, വാക്കുകൾ ഇടയ്ക്ക് മുറിഞ്ഞും ഇടറിയും സംസാരിച്ചു സ്നേഹഭവനത്തിന്റെ താക്കോൽ ഏറ്റുവാങ്ങി ബിന്ദുവിന്റെ കുടുംബം. കോട്ടയം മെഡിക്കൽ കോളേജിലെ ഉപയോഗശൂന്യമായ കെട്ടിടം പൊളിഞ്ഞു വീണുണ്ടായ അപകടത്തിൽ മരണമടഞ്ഞ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ വാഗ്ദാന പ്രകാരം പുനർനിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി. സ്‌നേഹവീട്ടിലേക്ക് നവമിയും നവനീതും അച്ഛൻ വിശ്രുതന്റെയും മുത്തശ്ശി സീതാലക്ഷ്‌മിയുടെയും കൈപിടിച്ച് കയറി. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീമാണ് 12.80 ലക്ഷം രൂപ ചെലവഴിച്ച് വീട് പുതുക്കി പണിതത്. താക്കോൽദാനം ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു. തുറമുഖം-ദേവസ്വം-സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ, സി. കെ. ആശ എം എൽ എ, രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഭാര്യയുടെ ആഗ്രഹമായിരുന്നു സുരക്ഷിതമായ അടച്ചുറപ്പുള്ള ഒരു വീട് എന്ന് ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ പറഞ്ഞു. മുൻപ് അടുക്കളയായി ഉപയോഗിച്ചിരുന്ന ഭാഗം പൂർണമായും പൊളിച്ചുമാറ്റി. ശുചിമുറി ഉൾപ്പെടുന്ന ഒരു മുറിയും അടുക്കളയും അതിനോട് ചേർന്ന് തന്നെ ഒരു വർക്ക് ഏരിയയും നിലവിലുള്ള വീടിനോട് കൂട്ടിചേർത്ത് പുതിയതായി കോൺക്രീറ്റ് ചെയ്തു. മോശമായ കട്ടിളകളും വാതിലുകളും ജനലുകളും മാറ്റി പുതിയത് വച്ചു. മുൻഭാഗത്ത് സംരക്ഷണ ഭിത്തി കെട്ടി ബലപ്പെടുത്തി. മുറ്റത്ത് ഷീറ്റ് പാകി. പുതിയ സെപ്റ്റിക് ടാങ്കും നിർമിച്ചു. വീട്ടിലേക്കെത്താൻ പുതിയ കൈവരിയും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ചിങ്ങം ഒന്നിന് പണികൾ ആരംഭിച്ച് ദിവസങ്ങൾകൊണ്ട് നിർമാണം പൂർത്തിയാക്കി.
ഭാര്യയുടെ ആഗ്രഹമായിരുന്നു ഇത്, സർക്കാരും ജനങ്ങളും ഞങ്ങളെ ചേർത്തുനിർത്തി, ഇടറിയ വാക്കുകളിൽ സ്നേഹഭവനത്തിന്റെ താക്കോൽ ഏറ്റുവാങ്ങി ബിന്ദുവിന്റെ കുടുംബം.
