കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇനി തോന്നിയ പോലെ കയറിയിറങ്ങി നടക്കാൻ സാധിക്കില്ല. ആശുപത്രിക്കുള്ളിൽ കൂടുതൽ സുരക്ഷാ ഉറപ്പാക്കുന്നതിനും സാമൂഹ്യവിരുദ്ധരുടെ പ്രവേശനവും മോഷണവും തടയാനുമുൾപ്പടെ വിവിധ കാരണങ്ങളാലാണ് പുതിയ പാസ്സ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിലുള്ള ഒരു രോഗിയെ സന്ദർശിക്കാൻ എത്തുമ്പോൾ രോഗിയുടെ പേര്, ഏത് വാർഡിലാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്, ഐ പി നമ്പർ, ഫോൺ നമ്പർ എന്നിവയെല്ലാം പാസ് കൗണ്ടറിൽ പറഞ്ഞാൽ മാത്രമേ ഇനി മുതൽ പാസ് ലഭിക്കുകയുള്ളു. സന്ദർശകർ നൽകുന്ന വിവരങ്ങൾ പൂർണ്ണമായും കമ്പ്യൂട്ടർ വത്കരിച്ചിരിക്കുന്ന പാസ്സ് കൗണ്ടറിൽ പരിശോധിച്ച ശേഷം നൽകിയ വിവരങ്ങൾ ശെരിയാണെങ്കിൽ മാത്രമായിരിക്കും പാസ്സ് നൽകുക. 10 രൂപയാണ് ഒരു പാസിന്റെ നിരക്ക്. ഒരാൾക്ക് മൂന്നു പാസുകൾ മാത്രമായിരിക്കും പരമാവധി ലഭിക്കുക. ഒരു സമയം ഒരു രോഗിയെ കാണാൻ മൂന്നു സന്ദർശകർക്ക് മാത്രമായിരിക്കും പ്രവേശനം. പിന്നീട് ഒരു മണിക്കൂർ കഴിഞ്ഞു മാത്രമേ ഇതേ വിവരങ്ങളിൽ പാസ് അനുവദിക്കുകയുള്ളു.
ഇനി തോന്നിയ പോലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കയറിയിറങ്ങി നടക്കാൻ പറ്റില്ല, രോഗീസന്ദർശനത്തിന് പാസ്സ് ലഭിക്കുന്നത് കൃത്യമായ വിവരങ്ങൾ നൽകിയാൽ മാത്രം.
