മാഞ്ഞൂർ: തടിപ്പാലം കടക്കുന്നതിനിടെ കാലുടക്കി അമ്മയുടെ കയ്യിൽ നിന്നും തോട്ടിലേക്ക് തെറിച്ചു വീണ രണ്ടര മാസം മാത്രം പ്രായമുള്ള കുഞ്ഞിന് രക്ഷകരായി അയല്‍വാസികള്‍. മുട്ടുചിറയില്‍നിന്ന് കുറുപ്പന്തറ കടവിലേക്കുള്ള ഇരവിമംഗലം ഭാഗത്തുള്ള ഗണപതി തോടിന് കുറുകെയുള്ള തടിപ്പാലം കടക്കുന്നതിനിടെയാണ് മാഞ്ഞൂര്‍ ഇരവിമംഗലം കിഴക്കേ ഞാറക്കാട്ടില്‍ ജോമോന്‍ മാത്യുവിന്റെ ഭാര്യ അംബിക (33) യുടെ കാൽ തടിപ്പാലത്തിലുടക്കിയത്. കാലുടക്കിയതോടെ വീഴാൻ പോകുകയായിരുന്ന അംബികയുടെ കയ്യിലിരുന്ന രണ്ടരമാസം മാത്രം പ്രായമുള്ള മകൻ ആരോൺ തോട്ടിലേക്ക് തെറിച്ചു വീഴുകയായിരുന്നു. കുഞ്ഞുമായി കഴിഞ്ഞ ദിവസമാണ് വാരിശ്ശേരിയിലെ സ്വന്തം വീട്ടില്‍നിന്ന് മാഞ്ഞൂരിലേക്ക് പോയത്. അംബികയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് കൊച്ചുകുഞ്ഞു തോട്ടിലൂടെ ഒഴുകുന്നതാണ്. ഉടനെ തന്നെ ഇവർ ചാടിയിറങ്ങി കുഞ്ഞിനെ കരയ്‌ക്കെത്തിച്ചു. തലേദിവസങ്ങളിൽ മഴ പെയ്തിരുന്നതിനാൽ തോട്ടിൽ വെള്ളം കൂടുതലായിരുന്നു. കുഞ്ഞ് തോട്ടിലൂടെ 25 മീറ്ററോളം ഒഴുകിപ്പോയിരുന്നു. കുഞ്ഞിനെ കരയ്‌ക്കെത്തിച്ച ശേഷം അംബികയുടെ കാൽ പാലത്തിൽ നിന്നും വേർപെടുത്തി അമ്മയെയും കുഞ്ഞിനെയും ഉടനെ തന്നെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അയൽവാസികളായ തെക്കുപുറം സലിം കുമാർ, ഞാറക്കാട്ട് ജോബി എന്നിവരാണ് ഓടിയെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. അമ്മയും കുഞ്ഞും ആശുപത്രിയിൽ ചികിത്സകൾക്ക് ശേഷം വീട്ടിലേക്ക് പോയി.
തടിപ്പാലം കടക്കുന്നതിനിടെ കാലുടക്കി, അമ്മയുടെ കയ്യിൽ നിന്നും തോട്ടിലേക്ക് തെറിച്ചു വീണ രണ്ടര മാസം മാത്രം പ്രായമുള്ള കുഞ്ഞിന് രക്ഷകരായി അയല്‍വാസികള്‍.
