തിരുവനന്തപുരത്ത് റിഹേഴ്‌സലിനിടെ വൈക്കം സ്വദേശിയായ നാടക കലാകാരന്‍ കുഴഞ്ഞുവീണു മരിച്ചു.


തിരുവനന്തപുരം: തിരുവനന്തപുരത്ത് റിഹേഴ്‌സലിനിടെ വൈക്കം സ്വദേശിയായ നാടക കലാകാരന്‍ കുഴഞ്ഞുവീണു മരിച്ചു. വൈക്കം ചെമ്പ് കാട്ടിക്കുന്ന് കളത്തിപ്പറമ്പില്‍ പരേതനായ ഗോപിയുടെയും രാധയുടെയും മകൻ കെ.ജി രതീഷ്(42) ആണ് മരിച്ചത്. വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നാടകത്തിന്റെ റിഹേഴ്‌സല്‍ നടക്കുന്നതിനിടെ വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് രതീഷ് കുഴഞ്ഞു വീണത്. ഉടനെ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നാടക് എന്ന സംഘടനയുടെ വൈക്കം മേഖലാ സെക്രട്ടറി ആയിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ മൃതദേഹം കാട്ടിക്കുന്നിലെ വീട്ടിലേക്കു കൊണ്ടുപോയ ശേഷം ഉച്ചയ്ക്ക് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, നാടക് സംസ്ഥാന സെക്രട്ടറി ഷൈലജ, നാടകപ്രവര്‍ത്തകര്‍ എന്നിവര്‍ അന്ത്യാഞ്ജലി അർപ്പിച്ചു.