കോട്ടയം: കോട്ടയത്ത് അമിതവേഗതയിലെത്തിയ കാർ സ്‌കൂട്ടറിൽ ഇടിച്ചു കയറി സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. കാരിക്കോട് മനയ്ക്കപടിയിൽ ഐശ്വര്യയിൽ അഡ്വ. ആർ ശ്രീകുമാറിൻ്റെ ഭാര്യ ലേഖ ശ്രീകുമാർ (55) ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പെരുവ-കടുത്തുരുത്തി റോഡിലാണ് അപകടം ഉണ്ടായത്. അമിതവേഗതയിൽ നിയന്ത്രണംവിട്ട കാർ ലേഖയും സഹോദരി ശ്രീജയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിച്ചു കയറുകയായിരുന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഇരുവരെയും പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രേഖയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സഹോദരി ശ്രീജ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മദ്യലഹരിയിൽ കാര്‍ ഓടിച്ചിരുന്ന മൂര്‍ക്കാട്ടിപ്പടി തൂമ്പാചെരണ്ടിയില്‍ മിനുമോന്‍ ചാക്കോയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏകമകന്‍ നിരഞ്ജന്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. കേരളാ കോൺഗ്രസ് (ബി)നേതാവും കൊട്ടാരക്കര ബാറിലെ അഭിഭാഷകനും കെ. എസ്. ആർ ടി. സി. യുടെ സ്റ്റാൻഡിങ് കൗൺസിൽ അംഗവുമാണ് ശ്രീകുമാർ. സംസ്ക്കാരം ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് കോട്ടയം പെരുവയിലെ വീട്ടുവളപ്പിൽ നടക്കും.
