കോട്ടയത്ത് കിണറ്റിൽ വീണ രണ്ടര വയസ്സുള്ള മകളെ രക്ഷിക്കാനായി പിതാവ് ചാടി, കിണറ്റിൽ കുടുങ്ങിയ ഇരുവരെയും മാഞ്ഞൂർ സ്വദേശിയുടെയും അഗ്നിരക്ഷാ സേനയുടെയും സഹായ


കോട്ടയം: കോട്ടയത്ത് കിണറ്റിൽ വീണ രണ്ടര വയസ്സുള്ള മകളെ രക്ഷിക്കാനായി പിന്നാലെ ചാടി കിണറ്റിൽ കുടുങ്ങിയ പിതാവിനെയും മകളെയും മാഞ്ഞൂർ സ്വദേശിയുടെ ധീരമായ ഇടപെടലിൽ അഗ്നിരക്ഷാ സേനയുടെ സഹയാത്താൽ രക്ഷപ്പെടുത്തി.

 

 കോട്ടയം മാഞ്ഞൂരില്‍ ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്കായിരുന്നു സംഭവം. മാഞ്ഞൂർ ഇരവിമംഗലത്ത് വാങ്ങാൻപോകുന്ന വീട് കാണാന്‍ എത്തിച്ചേര്‍ന്നതായിരുന്നു പാലക്കാട് സ്വദേശി സിറില്‍ സിറിയക്കും അദ്ദേഹത്തിന്റെ രണ്ടരവയസ്സുള്ള മകളും. ഇതിനിടെ പുറത്തു നിന്ന് കളിക്കുകയായിരുന്ന മകൾ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു.

 

 ഇതുകണ്ട് മകളെ രക്ഷിക്കാനായി പിതാവ് സിറിൽ പിന്നാലെ കിണറ്റിലേക്ക് ചാടുകയായിരുന്നു. മകളെ കൈകളിൽ ഉയർത്തി നിർത്തിയ ശേഷം കിണറിന്റെ സൈഡിൽ പിടിച്ചു നിൽക്കാൻ നോക്കിയെങ്കിലും സാധിക്കാതെ വരികയും മുങ്ങിത്താഴാൻ തുടങ്ങുകയുമായിരുന്നു. ഇത് കണ്ട മാഞ്ഞൂർ സ്വദേശിയും മുൻ മാഞ്ഞൂർ ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ഭാരവാഹിയുമായ തോമസുകുട്ടി രാജു കിണറ്റിലേക്ക് ചാടുകയായിരുന്നു. കുഞ്ഞിനെ കൈകളിൽ എടുത്തു പിടിച്ച ശേഷം പിതാവിനെ കിണറ്റിൽ ഉണ്ടായിരുന്ന പൈപ്പിലും കയറിലും പിടിപ്പിച്ച് നിർത്തി. തിരിച്ചു കയറാൻ പൈപ്പിലും കയറിലും പിടിച്ചെങ്കിലും പായലും വഴുക്കലും കാരണം സാധിച്ചില്ല. ഒരു കയ്യിൽ കുഞ്ഞിനെ സംരക്ഷിച്ചു പിടിച്ചു അഗ്നിരക്ഷാ സേനയിൽ വിവരമറിയിക്കുകയായിരുന്നു. മുക്കാൽ മണിക്കൂറോളം കയറിൽ തൂങ്ങിക്കിടന്നു. തുടർന്ന് അഗ്നിരക്ഷാ സേനയെത്തി ഏണിയും വലയും ഇറക്കി ആദ്യം കുഞ്ഞിനേയും പിന്നാലെ ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു.