ഒപ്പം നടന്ന് കളക്ടർ, ലഹരിക്കെതിരെ മഹാസന്ദേശവുമായി ബസേലിയൻ വാക്കത്തോൺ.


കോട്ടയം : ലഹരി ഉപയോ​ഗം ഒരു സാമൂഹിക രോ​ഗമായി മാറുന്നത് തടയണമെന്ന് കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐ. എ. എസ്. ചെറിയ സന്തോഷത്തിന് വേണ്ടി വലിയ ജീവിതത്തെ ഇല്ലാതാക്കരുതെന്നും കളക്ടർ കൂട്ടിച്ചേർത്തു.

 

 നോ ടു ഡ്ര​ഗ്സ് യെസ് ടു ലൈഫ് എന്ന  ലഹരി വിരുദ്ധ സന്ദേശമുയർത്തി ദേവലോകം മാർ ബസേലിയോസ് പബ്ലിക്ക് സ്ക്കൂൾ സംഘടിപ്പിച്ച ബസേലിയൻ വാക്കത്തോൺ ഫ്ലാ​ഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾക്കൊപ്പം നടന്ന കളക്ടർ എല്ലാ ദിവസവും വ്യായാമം ശീലമാക്കണമെന്ന ഉപദേശവും നൽകിയ ശേഷമാണ് മടങ്ങിയത്. കോട്ടയം കഞ്ഞിക്കുഴി ജം​ഗ്ഷനിൽ നിന്ന് രാവിലെ 6.30ന് ആരംഭിച്ച വാക്കത്തോൺ മാർ ബസേലിയോസ് സ്ക്കൂൾ അങ്കണത്തിൽ സമാപിച്ചു. വിദ്യാർത്ഥികൾക്ക് പുറമേ അധ്യാപകരും,പൊതുജനങ്ങളും കൂട്ടനടത്തത്തിൽ പങ്കാളികളായി.സ്ക്കൂൾ സെക്രട്ടറി പ്രൊഫ.ജേക്കബ് കുര്യൻ ഓണാട്ട്, അഡ്മിനിസ്ട്രേറ്റർ ഫാ.സജി യോഹന്നാൻ,പ്രിൻസിപ്പൽ നിനി ഏബ്രഹാം എന്നിവർ പ്രസം​ഗിച്ചു.