പാലായിൽ അമിതവേഗതയിലെത്തിയ കാർ 2 സ്‌കൂട്ടറുകളിൽ ഇടിച്ചു കയറി 2 യുവതികൾക്ക് ദാരുണാന്ത്യം, മകൾ അതീവ ഗുരുതരാവസ്ഥയിൽ.


പാലാ: പാലായിൽ അമിതവേഗതയിലെത്തിയ കാർ 2 സ്‌കൂട്ടറുകളിൽ ഇടിച്ചു കയറി 2 യുവതികൾക്ക് ദാരുണാന്ത്യം.

 

 പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38), നെല്ലൻകുഴിയിൽ മേലുകാവുമറ്റം പ്രവിത്താനം അല്ലപ്പാറ പാലക്കുഴിക്കുന്നൽ ജോമോൾ സുനിൽ (35 )എന്നിവരാണ് മരിച്ചത്. ജോമോളുടെ മകൾ പാലാ സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ അന്നമോൾ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പാലാ മുണ്ടാങ്കൽ പള്ളിക്ക് സമീപം രാവിലെ ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. അമിത വേഗതയിൽ എത്തിയ കാർ ധന്യ സന്തോഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും ജോമോളും മകൾ അന്നമോളും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും  ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടം കണ്ടു ഓടിയെത്തിയ യാത്രക്കാരും വ്യാപാരികളും നാട്ടുകാരും ചേർന്നാണ് മൂവരെയും ആശുപത്രിയിൽ എത്തിച്ചത്. മരണപ്പെട്ട രണ്ടുപേരുടെയും മൃതദേഹങ്ങൾ പാലാ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാർ ഓടിച്ചിരുന്നത് കോളേജ് വിദ്യാർത്ഥികളായിരുന്നു എന്നാണു നാട്ടുകാർ പറയുന്നത്.