കോട്ടയം: സംസ്ഥാനത്ത് അനശ്ചിതകാല സ്വകാര്യ ബസ്സ് പണിമുടക്ക് നാളെ മുതൽ. നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. സ്വകാര്യ ബസുടമകളുമായി നടത്തിയ മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് അനശ്ചിതകാല സമരത്തിലേക്ക് കടക്കുന്നതെന്നു ഉടമകൾ പറഞ്ഞു.
സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം. ചൊവ്വാഴ്ചയ്ക്ക് മുമ്പ് വീണ്ടും ചര്‍ച്ച നടത്താമെന്ന് ഗതാഗതമന്ത്രി അറിയിച്ചിരുന്നെങ്കിലും അറിയിപ്പുകളൊന്നും ഉടമകൾക്കോ സംഘടനകൾക്കോ ലഭിച്ചിട്ടില്ല. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡുകള്‍ തടയുക, 140 കിലോമീറ്ററില്‍ അധികം സഞ്ചരിക്കുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴ ഈടാക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആണ് സമരം നടത്തുന്നത്.
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബസ് ഓപറേറ്റേഴ്സ് ഫോറം പണിമുടക്കില്‍ നിന്നും പിന്‍മാറിയിരുന്നു. ഈ ആവശ്യങ്ങൾ ഉന്നയിച്ചു ഈ മാസം 7 നു സൂചനാ പണിമുടക്ക് നടത്തിയിരുന്നു. സംസ്ഥാനത്തെ 8000 സ്വകാര്യ ബസുകൾ സമരത്തിൽ പങ്കെടുക്കും.