കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ യാത്രക്കാർ ഇറങ്ങുന്നതിനു മുൻപ് മുൻപോട്ടെടുത്ത സ്വകാര്യ ബസ്സിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ് കോളേജ് വിദ്യാർത്ഥിനി. കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് സ്കൂൾ വിദ്യാർത്ഥിനിക്കാണ് ബസ്സിൽ നിന്നും വീണ് പരിക്കേറ്റത്.
കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ആനിത്തോട്ടത്തിലാണ് സംഭവം. വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത്. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റൂട്ടിൽ സർവ്വീസ് നടത്തുന്ന വാഴയിൽ എന്ന സ്വകാര്യ ബസിൽ നിന്നാണ് വിദ്യാർത്ഥിനി റോഡിലേയ്ക്ക് തെറിച്ച് വീണത്. ബസ്സ് സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ ഇറക്കുന്നതിനിടെ സ്റ്റോപ്പിൽ ഇറങ്ങാനുള്ള മുഴുവൻ യാത്രക്കാരുമിറങ്ങുന്നതിനിടെ ബസ്സ് മുൻപോട്ടെടുക്കുകയായിരുന്നു.
മഴയായതിനാൽ കുടയുമായി ഇറങ്ങാൻ തുടങ്ങുന്നതിനിടെയാണ് ബസ്സ് വേഗത്തിൽ മുൻപോട്ടെടുക്കുകയും വാതിൽക്കൽ ഇറങ്ങാനായി തുടങ്ങുന്നതിനിടെ വിദ്യാർത്ഥിനി റോഡിലേക്കു വീഴുകയുമായിരുന്നു. റോഡിലേക്ക് വീണ വിദ്യാർത്ഥിനിയുടെ തൊട്ടടുത്തുകൂടിയാണ് ബസ്സ് മുൻപോട്ട് പാഞ്ഞത്. റോഡിലേക്ക് വീണ വിദ്യാർത്ഥിനി കാൽ വേഗത്തിൽ മാറ്റിയതിനാലാണ് ബസ്സ് ശരീരത്തിൽ കയറാതെ വലിയ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. അപകടം സംഭവിച്ചിട്ടും ബസ്സ് നിർത്താനോ വിദ്യാർത്ഥിനിക്ക് പരിക്കുണ്ടോ എന്ന് പോലും അന്വേഷിക്കാതെ ബസ്സ് പായുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സമീപത്തെ കടയിലെ സി സി ടി വി ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്.