ബിൽഡിംഗ് പെർമിറ്റ് അനുവദിക്കുന്നതിന് ഗൂഗിൾപേ വഴി കൈക്കൂലി: ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ഓവർസിയർ വിജിലൻസ് പിടിയിൽ.


ഈരാറ്റുപേട്ട: ബിൽഡിംഗ് പെർമിറ്റ് അനുവദിക്കുന്നതിനായി ഗൂഗിൾപേ വഴി 3000 രൂപ കൈക്കൂലി വാങ്ങിയ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ ഗ്രേഡ് 3 ഓവർസിയറും തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയുമായ ജയേഷിനെ വിജിലൻസ് പിടികൂടി.

 

 മീനച്ചിൽ സ്വദേശിയായ പരാതിക്കാരൻ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി പരിധിയിൽ പുതുതായി പണി കഴിപ്പിക്കുന്ന കെട്ടിടത്തിന് പെർമിറ്റ് അനുവദിക്കുന്നതിനായി കഴിഞ്ഞ ഏപ്രിൽ മാസം ഒൻപതാം തീയതി ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിൽ ഓൺലൈനായി അപേക്ഷ സമർപ്പിച്ചിരുന്നു. പെർമിറ്റിനുള്ള അപേക്ഷയിന്മേൽ നടപടി സ്വീകരിക്കേണ്ട ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ ഗ്രേഡ് 3 ഓവർസിയറായ ജയേഷ് സ്ഥല പരിശോധന നടത്തിയ ശേഷം പെർമിറ്റ് അനുവദിക്കുന്നതിന് സർക്കാർ ഫീസിന് പുറമേ 5000 രൂപ കൈക്കൂലി കൂടെ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

 

 കൈക്കൂലി പണം നൽകാത്തതിനാൽ പരാതിക്കാരന്റെ അപേക്ഷ ചില കാരണങ്ങൾ ചൂണ്ടിക്കാട്ടി തിരിച്ചയച്ചതിനെത്തുടർന്ന് പരാതിക്കാരൻ തിരുത്തിയ അപേക്ഷ വീണ്ടും സമർപ്പിച്ചു. തുടർന്ന് ഈ മാസം അഞ്ചാം തീയതി മുൻസിപ്പാലിറ്റി ഓഫീസിലെത്തി പെർമിറ്റിനുള്ള ഫീസ് അടച്ച പരാതിക്കാരനെ ഓവർസിയർ ജയേഷ് മുൻസിപ്പാലിറ്റിയുടെ ഒന്നാം നിലയിൽ വച്ച് നേരിൽ കണുകയും പെർമിറ്റ് സംബന്ധമായ രേഖകൾ വാട്ട്സാപ്പിൽ അയച്ച് കൊടുത്ത ശേഷം വീണ്ടും കൈക്കൂലി ആവശ്യപ്പെടുകയും വൈകുന്നേരം തിരികെ വിളിക്കാൻ പറയുകയും ചെയ്തു. ജയേഷ് പറഞ്ഞതനുസരിച്ച് പരാതിക്കാരൻ തിരികെ ഫോണിൽ വിളിച്ചപ്പോൾ ജയേഷ് തന്റെ സുഹൃത്തും ഇടനിലക്കാരനുമായ ദിലീപിന്റെ ഫോൺ നമ്പർ വാട്ട്സാപ്പിൽ അയച്ച് നൽകുകയും അതിലേക്ക് 3000 രൂപ ഗൂഗിൾപേ വഴി അയക്കുന്നതിനായി ആവശ്യപ്പെടുകയും ചെയ്തു. കൈക്കൂലി നൽകി കാര്യം സാധിക്കാൻ താല്പര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം കോട്ടയം വിജിലൻസ് കിഴക്കൻ മേഖല പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്ന് വൈകുന്നേരം 4 മണിക്ക് ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ഓഫീസിലെത്തിയ പരാതിക്കാരൻ ജയേഷിന്റെ നിർദ്ദേശ പ്രകാരം കൈക്കൂലിയായി 3000 രൂപ ഗൂഗിൾപേ വഴി അയച്ച് നൽകിയതിനെത്തുടർന്ന് ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ഓഫീസിനുള്ളിൽ നിന്നും ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ഗ്രേഡ് 3 ഓവർസിയറായ ജയേഷിനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.