പാചക എണ്ണയുടെ പുനരുപയോഗം: ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ നിന്ന് എണ്ണ ശേഖരിക്കാൻ പദ്ധതി.


കോട്ടയം: ഉപയോഗിച്ച പാചക എണ്ണ ശേഖരിച്ച് ബയോ ഡീസൽ പോലുള്ളവ ഉദ്പാദിപ്പിക്കാനുള്ള റൂകോ(റീപർപസ് യൂസ്ഡ് കുക്കിംഗ് ഓയിൽ)പദ്ധതിയുടെ ഭാഗാമയി കോട്ടയം നഗരത്തിലെ ഒരു ഫ്ളാറ്റ് സമുച്ചയം തെരഞ്ഞെടുത്ത് ഉപയോഗിച്ച പാചക എണ്ണ ശേഖരിക്കും.

 

റൂകോ പദ്ധതി വ്യാപിപ്പിക്കാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന ഡി.എൽ.എ.സി. യോഗം തീരുമാനിച്ചു. പലയിടങ്ങളിലും ബേക്കറികളിൽനിന്നും ഹോട്ടലുകളിൽ നിന്നും ഇത്തരത്തിൽ പാചക എണ്ണ ശേഖരിച്ചുവരുന്നുണ്ട്. ഉപയോഗിച്ച എണ്ണയിൽ വീണ്ടും പാചകം ചെയ്യുന്നതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം.

 

 തിരഞ്ഞെടുത്ത സ്‌കൂളുകളിലെ കുട്ടികൾക്ക് നൽകിവരുന്ന ഷുഗർബോർഡുകൾ കൂടുതൽ പേരിലേക്കെത്തിക്കാനും തീരുമാനിച്ചു. ഉപ്പ്,കൊഴുപ്പ് എന്നിവയുടെ ഉപയോഗം തടയുന്നതു സംബന്ധിച്ചുള്ള ബോധവത്കരണവും ഊർജ്ജിതപ്പെടുത്തും. വിവിധ സർക്കാർ വകുപ്പുകളോടുനുബന്ധിച്ചു പ്രവർത്തിക്കുന്ന കാന്റീനുകളിലും പോലീസ് കാന്റീനുകളിലും ഭക്ഷ്യസുരക്ഷ സംബന്ധിച്ച പരിശീലനം നൽകും. യോഗത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ എ.എ. അനസ്, സപ്ലൈകോ റീജണൽ മാനേജർ ആർ. ബോബൻ,ജില്ലാ സപ്ലൈ ഓഫീസർ ബി. സജനി, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ജെസി ജോയി സെബാസ്റ്റ്യൻ, കോട്ടയം ഡയറി അസിസ്റ്റന്റ് ഡയറക്ടർ ശ്രീജ രാധാകൃഷ്ണൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.