കോട്ടയം: സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ട് വിൽപ്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാവിനെ ഗാന്ധിനഗർ പോലീസ് പിടികൂടി. കോട്ടയം കൈപ്പുഴ പിള്ളക്കവല സ്വദേശി ഷൈൻ ഷാജി (26) ആണ് പിടിയിലായത്.
ഇയാളിൽ നിന്നും 38.91 ഗ്രം എംഡിഎംഎ പോലീസ് കണ്ടെടുത്തു. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ പ്രത്യേക നിര്‍ദേശപ്രകാരം സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്താനായാണ് എംഡിഎംഎ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
നിരോധിത മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ കൈവശം വച്ച് വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട് എന്ന് പോലീസ് പറഞ്ഞു.
ഗാന്ധിനഗർ എസ്.എച്ച്.ഓ. ശ്രീജിത്ത് ടിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ. അനുരാജ് എം.എച്ച്., എ.എസ്.ഐ. നവീൻ എസ് മോനി, എസ്.സി.പി.ഓമാരായ രഞ്ജിത്ത് ടി.എസ്., സജിത്ത് എസ്, പ്രതീഷ് കെ സി.പി.ഓമാരായ രാജീവ് എം.എസ്., ശ്രീജിത്ത് പി.എസ്., അനൂപ് പി.റ്റി., ശ്രീനിഷ് തങ്കപ്പൻ, വിഷ്ണുപ്രിയൻ, അയ്യപ്പദാസ്, ലിബിൻ മാത്യു എന്നിവരാണ് ഇയാളെ പിടികൂടിയത്.