തിരുവനന്തപുരം: സാങ്കേതിക വിദ്യയുടെ ഗുണഫലം ലഭ്യമാക്കുന്നതോടൊപ്പം സർക്കാർ സേവനങ്ങൾ സുതാര്യവും അനായാസവുമായി എല്ലാ ജനവിഭാഗങ്ങൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൗജന്യ വൈഫൈ കെ ഫൈ - കേരള വൈഫൈ സംസ്ഥാനമൊട്ടാകെ 2023 പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ സേവനം സജ്ജമാക്കിയിട്ടുണ്ട്.
ഏല്ലാവർക്കും പബ്ലിക്ക് വൈഫൈ സൗകര്യമുറപ്പാക്കുന്ന കെ ഫൈ ഉൾപ്പെടെ ഈ രംഗത്ത് നടപ്പാക്കുന്ന പദ്ധതികളിലൂടെ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്കടുക്കുകയാണ്. കെ ഫൈ 1 ജിബി ഡാറ്റ തികച്ചും സൗജന്യമായി നൽകിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 2 ജിബി ഡാറ്റയാണ് സൗജന്യമായി ലഭിക്കുന്നത്. കൂടുതൽ ഡാറ്റ മിതമായ നിരക്കിലും ലഭിക്കും.
എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത പൊതുഇടങ്ങളില്‍ ആണ് ഇത് ലഭ്യമാക്കിയിട്ടുള്ളത് ജനങ്ങള്‍ കൂടുന്ന ബസ്റ്റാന്‍ഡുകള്‍ ജില്ലാ ഭരണകേന്ദ്രങ്ങള്‍, പഞ്ചായത്തുകള്‍, പാര്‍ക്കുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളിലാണ് ഇത് ലഭ്യമാവുക.സംസ്ഥാന ഐടി മിഷന്‍ നടപ്പാക്കുന്ന ഈ പദ്ധതി തീരദേശ മേഖലയില്‍ അടക്കം ഏതാണ്ട് രണ്ടായിരത്തിലധികം പൊതുഇടങ്ങളില്‍ ഇപ്പോള്‍ ലഭ്യമാണ്.
പൊതു ജനങ്ങള്‍ക്ക് അവരുടെ മൊബൈലിലും ലാപ്ടോപ്പിലും മറ്റും തികച്ചും സൗജന്യമായി ദിവസേന 2 ജിബി വരെ 10 എംബിപിഎസ് വേഗതയോടു കൂടി ഉപയോഗിക്കാവുന്നതാണ്. നിങ്ങളതിന്റെ പരിധിക്കുള്ളില്‍ എത്തുമ്പോള്‍ വൈഫൈ ഓണ്‍ ചെയ്തു മൊബൈല്‍ നമ്പര്‍ കൊടുത്തു ലോഗിന്‍ ചെയ്ത് ആവശ്യാനുസരണം അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിക്കാവുന്നതാണ്.