എരുമേലി: ചായയ്ക്ക് അമിത വില ഈടാക്കിയത് ചോദ്യം ചെയ്ത ശബരിമല തീർഥാടകനെ മർദിച്ചതായി പരാതി.
തിരൂരങ്ങാടി ഉപ്പുതറ സ്വദേശി സുമേഷ് എരുമേലി പോലീസിൽ പരാതി നൽകിയത്. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. കുടുംബംഗങ്ങളുമായി ശബരിമല ദർശനത്തിനായി എരുമേലിയിൽ എത്തിയതായിരുന്നു.
എരുമേലി അമ്പലത്തിന്റെ നടപ്പന്തലിലെ കടയിൽ നിന്നുമാണ് ചായയും ബിസ്കറ്റും വാങ്ങിയത്. 6 ചായയ്ക്കും ബിസ്ക്കറ്റിനുമായി 140 രൂപ വാങ്ങിയതോടെ ഇത് ചോദ്യം ചെയ്ത സുമേഷിനെ 5 യുവാക്കൾ ചേർന്ന് മർദിച്ചതായാണ് പരാതി. സംഭവത്തിൽ നിയമ നടപടികളുമായി മുൻപോട്ട് പോകുമെന്നും അമിത വില ഈടാക്കിയതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന് പരാതി നൽകുമെന്നും സുമേഷ് പറഞ്ഞു. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.