കോട്ടയം: ഇന്ത്യയിലെതന്നെ ആദ്യത്തെ മൾട്ടി ലെയർ എയറോബിക് ബിൻ ആയ ജി ബിന്നിനുണ്ട് കയ്യിലൊതൊങ്ങാത്തത്ര സവിശേഷതകൾ. എന്റെ കേരളം വിപണന മേളയിലെ ഇ-നാട് യുവജന സഹകരണ സംഘത്തിന്റെ സ്റ്റാളിൽ വന്നാൽ കാണാം ഈ ഹോം കമ്പോസ്റ്ററിനെ.
87 ലിറ്റർ 3 ബിൻ, 58 ലിറ്റർ 2 ബിൻ എന്നീ രണ്ട് തരത്തിലാണ് സിലിണ്ട്രിക്കൽ ആകൃതിയിലുള്ള ആദ്യ ഹോം കമ്പോസ്റ്റർ മാർക്കറ്റിൽ ലഭ്യമായിട്ടുള്ളത്. കേവലം 30-35 ദിവസമെടുത്ത് അടുക്കള മാലിന്യത്തെ ജൈവവളമാക്കി മാറ്റുന്ന ഉൽപ്പന്നമാണ് ജി-ബിൻ. ഉപകാരികളായ സൂക്ഷ്മാണുക്കളെ ഉപയോഗിച്ച് ജൈവമാലിന്യങ്ങൾ വളരെ വേഗം വിഘടിക്കാൻ സഹായിക്കുന്ന ഗുണമേന്മയുള്ള ചകിരിച്ചോറാണ്(ഇനോക്കുലം) ഇതിനായി ഉപയോഗിക്കുന്നത്. 4300 രൂപ വില വരുന്ന മൂന്നുബിൻ 430 രൂപയ്ക്കും 3600 രൂപ വില വരുന്ന രണ്ടു ബിൻ 360 രൂപയ്ക്കുമാണ് സബ്സിഡിയിലൂടെ ലഭ്യമാക്കിയിട്ടുള്ളത്. മലിനജലം ശുദ്ധീകരിക്കുന്ന സാങ്കേതികവിദ്യയായ നോവ, വലിയ തോതിൽ ഉള്ള അവശിഷ്ടങ്ങൾ കമ്പോസ്റ്റ് ആക്കി മാറ്റാവുന്ന ജി കമ്മ്യൂണിറ്റി മെഷീൻ, വിവിധ ജൈവവളങ്ങൾ എന്നിവയുടെ പ്രദർശനവും ഇവിടെയുണ്ട്.