കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ ഞായറാഴ്ചയുണ്ടായത് വൻ തിരക്ക്. മേളയിലെ വിവിധ സ്റ്റാളുകൾ സന്ദർശിച്ചും കുടുംബശ്രീയുടെ ഭക്ഷണം രൂചിച്ചും കലാപരിപാടികൾ ആസ്വദിച്ചുമാണ് ആളുകൾ മടങ്ങിയത്.
മേളയിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങളുടെയും 186 സ്റ്റാളുകളാണുള്ളത്. കൂടാതെ ഏഴ് പവലിയനുകളുമുണ്ട്. ഏപ്രിൽ 30 വരെ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 9.30 വരെയാണ് മേള. പ്രവേശനം സൗജന്യമാണ്. കേരളം കൈവരിച്ച നേട്ടങ്ങളുടെ പ്രദർശനം കാഴ്ചവയ്ക്കുന്ന വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെ പ്രദർശനം, ആധുനികസാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന പ്രദർശനം, കാർഷിക പ്രദർശന-വിപണനമേള, സാംസ്‌കാരിക-കലാപരിപാടികൾ, കുടുംബശ്രീ ഒരുക്കുന്ന മെഗാ ഭക്ഷ്യമേള,വിവിധ തൊഴിലുകളിലേർപ്പെട്ടിട്ടുള്ളവരുടെയും സവിശേഷപരിഗണന അർഹിക്കുന്നവരുടെയും സംഗമങ്ങൾ, കായിക-വിനോദപരിപാടികൾ, ടൂറിസം പദ്ധതികളുടെ പരിചയപ്പെടുത്തൽ, ടൂറിസം-കാരവൻ ടൂറിസം പ്രദർശനം, സ്റ്റാർട്ടപ്പ് മിഷൻ പ്രദർശനം, ശാസ്ത്ര-സാങ്കേതിക പ്രദർശനങ്ങൾ, സ്‌പോർട്‌സ് പ്രദർശനം, സ്‌കൂൾ മാർക്കറ്റ്, കായിക-വിനോദ പരിപാടികൾ,മിനി തിയേറ്റർ ഷോ എന്നിവ മേളയുടെ ഭാഗമായുട്ടുണ്ട്. വിവിധ വകുപ്പുകൾ സൗജന്യമായി സർക്കാർ സേവനങ്ങൾ ലഭ്യമാക്കും. മേളയുടെ ഭാഗമായി ഏപ്രിൽ 30 വരെ വൈകിട്ട് മുഖ്യവേദിയിൽ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന കലാവിരുന്ന് ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 29ന് വൈകിട്ട് 6.30ന് വൈക്കം മാളവിക അവതരിപ്പിക്കുന്ന നാടകം 'ജീവിതത്തിന് ഒരു ആമുഖം' എന്നിവ നടക്കും. ഏപ്രിൽ 30ന് വൈകിട്ട് അഞ്ചിന് പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും നടക്കും. വൈകിട്ട് 7.30ന് സൂരജ് സന്തോഷ് ബാൻഡ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോയോടെ മേളയ്ക്കു കൊടിയിറങ്ങും.