കോട്ടയം: ഐടി സ്ഥാപനത്തിലെ ജോലിസമ്മർദ്ദം താങ്ങാനാകാതെ കോട്ടയം കഞ്ഞിക്കുഴിയിൽ യുവാവ് ഫ്ലാറ്റിൽ നിന്നും ചാടി ജീവനൊടുക്കി.
കോട്ടയം കഞ്ഞിക്കുഴിയിൽ ഫ്ലാറ്റിൽ താമസിക്കുന്ന ജേക്കബ് തോമസാണ് (23)ആത്മഹത്യ ചെയ്തത്. ഞായറാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. ജോലിസമ്മർദ്ദം താങ്ങാനാവുന്നില്ലെന്ന് പറഞ്ഞു യുവാവ് മാതാപിതാക്കൾക്ക് വീഡിയോ സന്ദേശം അയച്ചിരുന്നു. തുടർന്നാണ് ഫ്ലാറ്റിന്റെ എട്ടാം നിലയിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കിയത്. ജോലി ഭാരം കൂടുതലാണെന്നും സമ്മർദം താങ്ങാനാവുന്നില്ലെന്നും പല തവണ മാതാപിതാക്കളോട് പറഞ്ഞിരുന്നു. കാക്കനാട് പ്രവർത്തിക്കുന്ന ലിൻവേയ്സ് ടെക്നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടർ എൻജിനീയറാണ് ജേക്കബ് തോമസ്. ജോലിയില്‍ പ്രവേശിച്ച് നാല് മാസം കഴിയുമ്പോഴാണ് യുവാവിന്റെ ആത്മഹത്യ. ഉറങ്ങാൻ പോലും സാധിക്കാത്ത രീതിയിൽ ജോലിസമ്മർദ്ദം ജേക്കബ് നേരിട്ടിരുന്നതായാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പത്തനംതിട്ട റാന്നി സ്വദേശിയായ യുവാവ് കഞ്ഞികുഴിയിൽ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.