കോട്ടയം; കോട്ടയം ഗാന്ധിനഗർ സ്‌കൂൾ ഓഫ് നഴ്‌സിംങ്ങിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് മൂന്നാം വർഷ വിദ്യാർത്ഥികളുടെ അതിക്രൂരമായ റാഗിങ്ങ്. വിദ്യാർത്ഥികൾ നേരിട്ടത് അതിക്രൂരമായ പീഡനം. ഒന്നാംവർഷ വിദ്യാർഥികളെ സീനിയർ വിദ്യാർത്ഥികൾ ഉപദ്രവിച്ചത് അതിപ്രാകൃതമായ രീതിയിൽ.
സംഭവത്തിൽ വിദ്യാർത്ഥികളുടെ പരാതിയിൽ മൂന്നാം വർഷ വിദ്യാർത്ഥികളായ 5 പേർക്കെതിരെ പോലീസ് കേസ് എടുത്തു. ഇന്നലെ വൈകിട്ട് തന്നെ ഗാന്ധിനഗർ പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം മൂന്നിലവ് സ്വദേശി സാമൂവൽ, കോരുത്തോട് സ്വദേശി വിവേക്, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, വണ്ടൂർ സ്വദേശി രാഹുൽ രാജ്, എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. പ്രതികൾക്കെതിരെ റാഗിംഗ് നിരോധന നിയമം, ഭാരതീയ് ന്യായ സംഹിതയിലെ 118, 308, 351 വകുപ്പുകൾ പ്രകാരം, ആയുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കുക, ഭീഷണിപ്പെടുത്തി പണം വാങ്ങുക ഗൂഢാലോചന, സംഘംചേരൽ തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്നു മാസമായി ക്രൂരമായി റാഗിങ്ങ് നടത്തി എന്നാണു വിദ്യാർത്ഥികൾ പരാതിയിൽ പറയുന്നത്. കോമ്പസ് ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും മുറിവിൽ ലോഷൻ തേയ്ക്കുകയും ചെയ്തതായും നഗ്നരായി നിർത്തി സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽസ് കയറ്റി വെച്ചതായും വേദനിച്ചു നിലവിളിച്ചവരുടെ വായിൽ ക്രീമുകൾ തിരുകിയതായും വിദ്യാർത്ഥികൾ പരാതിയിൽ പറയുന്നു. ജൂനിയർ വിദ്യാർത്ഥികളിൽ നിന്നും സീനിയർ വിദ്യാർത്ഥികൾ പണപ്പിരിവ് നടത്തിയതായും പരാതിയിൽ പറയുന്നുണ്ട്. അതിക്രമം സഹിക്ക വയ്യാതെ വന്നതോടെ മൂന്നു വിദ്യാർഥികൾ കോളേജിലെ ആന്റി റാഗിംഗ് സെല്ലിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കോളേജ് പ്രിൻസിപ്പാളാണ് ഗാന്ധിനഗർ പൊലീസിൽ പരാതി കൈമാറിയത്. ഒന്നാംവര്‍ഷ ജനറല്‍ നഴ്‌സിങ് ക്ലാസില്‍ 6 ആണ്‍കുട്ടികളാണുണ്ടായിരുന്നത്. ഇവരാണ് റാഗിങ്ങിന് ഇരയായത്.