ഒരു കുട്ടിപോലും പഠനം നിര്‍ത്തുന്നില്ലെന്ന് ഉറപ്പാക്കണം: ബാലാവകാശ കമ്മിഷന്‍.


കോട്ടയം: പതിനെട്ടു വയസിനു താഴെ പ്രായമുള്ള ഒരു കുട്ടിപോലും പഠനം നിര്‍ത്തി മറ്റു ജോലിക്കു പോകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ബാലനീതി, വിദ്യാഭ്യാസത്തിനുള്ള അവകാശം(ആര്‍.ടി.ഇ),പോക്സോ എന്നീ നിയമങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ കര്‍ത്തവ്യവാഹകരുടെ അവലോകനയോഗത്തിലാണ് കമ്മീഷന്‍ അംഗങ്ങളായ അംഗങ്ങളായ ഡോ.എഫ്. വില്‍സണ്‍,അഡ്വ. ജലജാചന്ദ്രന്‍ എന്നിവര്‍ ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്  നിര്‍ദ്ദേശം നല്‍കിയത്. ഇടയ്ക്കുവച്ച് പഠനം നിര്‍ത്തിയ കുട്ടികളേക്കുറിച്ചുള്ള വിവരങ്ങള്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കമ്മീഷന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരോട് നിര്‍ദ്ദേശിച്ചു. എല്ലാവരും സ്‌കൂളുകളിലെത്തുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസറോടും നിര്‍ദ്ദേശിച്ചു. സ്‌കൂളുകളില്‍ കൗണ്‍സലിങ്ങിനുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം. കൗണ്‍സലര്‍മാരില്ലാത്ത സ്‌കൂളുകള്‍ ജില്ലാ ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ടോ ജില്ലാ ആശുപത്രികളുമായി ബന്ധപ്പെട്ടോ ആവശ്യമായ സമയത്ത് സേവനം ഉറപ്പുവരുത്തണം. കൗണ്‍സലിങ്ങിന് വിധേയരായ കുട്ടികളോട് കൗണ്‍സലര്‍ എന്തൊക്കെയാണ് ചോദിച്ചതെന്നതടക്കമുള്ള കാര്യങ്ങള്‍ അധ്യാപകര്‍ ആരായുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. സ്‌കൂള്‍ വാഹനങ്ങളില്‍ അനുവദിച്ചിട്ടുള്ളതിലധികം കുട്ടികളെ കയറ്റുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഇയ്ക്കിടയ്ക്ക് പരിശോധിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദ്ദേശം നല്‍കി. വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കണം. സ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാര്‍ കുട്ടികളോട് മാന്യമായാണോ പെരുമാറുന്നതെന്നും പരിശോധിക്കണം. ബാലസൗഹൃദമല്ലാത്ത പ്രീ പ്രൈമറി സ്‌കൂളുകള്‍ കണ്ടെത്തി ആവശ്യമായ നടപടികളെടുക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിനോടാവശ്യപ്പെട്ടു. ശുദ്ധമായ കുടിവെള്ളം കിട്ടുന്നുണ്ടെന്നുറപ്പാക്കണം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ശിശുസംരക്ഷണ സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സ്‌കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ട് മാറ്റിവെയ്ക്കണമെന്ന് തദ്ദേശസ്ഥാപനങ്ങളോടാവശ്യപ്പെട്ടു. അധ്യാപകര്‍ തമ്മിലുള്ള പ്രശ്നങ്ങളുടെ പേരില്‍ കുട്ടികളെവെച്ച് വിലപേശുന്ന പ്രവണത കൂടിവരുന്നതായി കമ്മിഷന്‍ കുറ്റപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഇടപെട്ട് തടയണം. ഉന്നതാധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും വേണം. ജില്ലാ കളക്ട്രേറ്റിലെ തൂലിക ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഡോ.അരുണ്‍ കുര്യന്‍,അംഗം കെ.എം. സാഫി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സി.ജെ. ബീന എന്നിവരും പ്രസംഗിച്ചു.