ന്യൂഡൽഹി/കോട്ടയം: മലങ്കര ഒർത്തോഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ ബാവായ്ക്ക് റഷ്യൻ ഗവൺമെൻ്റ് 'ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ്' ബഹുമതി നൽകി ആദരിച്ചു. ഇൻഡോ-റഷ്യൻ സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും ആത്മീയ ബന്ധങ്ങൾ വളർത്തുന്നതിനു ഉള്ള അദ്ദേഹത്തിന്റെ സംഭാവനകളെ പുരസ്ക്കരിച്ചാണ് അവാർഡ് നൽകിയത്.
റഷ്യൻ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി നേടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ ആത്മീയ നേതാവാണ് പരിശുദ്ധ കാതോലിക്കാ ബാവാ. വ്യാഴാഴ്ച തലസ്ഥാനത്ത് നടന്ന ഔദ്യോഗിക ചടങ്ങിൽ വെച്ചാണ് റഷ്യൻ സർക്കാർ "ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ്" നൽകി ആദരിച്ചത്. ആത്മീയ ബന്ധങ്ങൾ വളർത്തുന്നതിനും റഷ്യയും ഇന്ത്യയും തമ്മിലുള്ള സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കുന്നതിനും നൽകിയ മികച്ച സംഭാവനകളെ മാനിച്ചാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ പരമാദ്ധ്യഷന് ഈ ബഹുമതി നൽകകി ആദരിച്ചത്. റഷ്യൻ എംബസിയിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ പ്രതിനിധീകരിച്ച് ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് അവാർഡ് സമർപ്പണം നടത്തി. റഷ്യയുമായുള്ള സൌഹൃദവും സഹകരണവും വർദ്ധിപ്പിക്കുകയും ചെയ്യുന്ന വിവിധ മേഖലകളിലെ പ്രഗത്ഭർക്ക് റഷ്യൻ പ്രസിഡന്റ് നൽകുന്ന സംസ്ഥാന ബഹുമതിയാണ് ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ്. ഈ ബഹുമതി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയും റഷ്യൻ ഓർത്തഡോക്സ് സഭയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ മറുപടി പ്രസംഗത്തിൽ പ്രസ്താവിച്ചു. 2021 ഒക്ടോബർ 15 ന് മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായായും ചുമതലയേറ്റ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ ബാവാ ഇന്ത്യയിലെ ഏറ്റവും പുരാതന സഭയായ മലങ്കര ഓർത്തഡോക്സ് സഭ യുടെ പരമാദ്ധ്യക്ഷനാണ്. A.D 52 ൽ ഇന്ത്യയുടെ തെക്കൻ തീരത്ത് എത്തിയ യേശുക്രിസ്തുവിന്റെ അപ്പസ്തോലനായ സെന്റ് തോമസ് ആണ് മലങ്കര സഭ സ്ഥാപിച്ചത്. സെന്റ് തോമസിന്റെ അപ്പോസ്തോലിക സിംഹാസനത്തിലെ 92-ാമത്തെ പരമാദ്ധ്യക്ഷ്യനാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രീതീയൻ ബാവാ. 1949 ഫെബ്രുവരി 12ന് ജനിച്ച ഇദ്ദേഹം സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കേരള സർവകലാശാലയിൽ നിന്ന് ബി. എസ്സി കെമിസ്ടിയും കോട്ടയം ഓർത്തഡോക്സ് സെമിനാരിയിൽ നിന്ന് ജി.എസ്. ടി യും സെറാംപൂർ സർവകലാശാലയിൽ നിന്ന് ബി. ഡി ബിരുദവും നേടി. 1977 മുതൽ 1979 വരെ അദ്ദേഹം റഷ്യയിലെ ലെനിൻഗ്രാഡ് തിയോളജിക്കൽ അക്കാദമിയിൽ ദൈവശാസ്ത്രത്തിൽ ഉന്നത പഠനം നടത്തി. എം. ടി. എച്ച് ബിരുദത്തിനായി അദ്ദേഹം റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു, പിന്നീട് അതേ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിഎച്ച്ഡി നേടി. പാവപ്പെട്ടവരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ഉന്നമനത്തിനായി അശ്രാന്തമായി പ്രവർത്തിക്കുന്ന പരിശുദ്ധ കാതോലിക്കാ ബാവാ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. പ്രതീക്ഷാ ഭവൻ, പ്രശാന്തി ഭവൻ, പ്രത്യാശാ ഭവൻ, പ്രാണം സെന്റർ, പ്രമോദം പ്രോജക്ട്, പ്രസന്നം ഭവൻ, പ്രകാശം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെഷ്യൽ എജ്യുക്കേഷൻ, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരും വിവേചനമുള്ളവരുമായ വിഭാഗങ്ങളെ അവരുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾക്കനുസരിച്ച് തൊഴിലവസരങ്ങൾ, സാമ്പത്തിക സഹായം, മെഡിക്കൽ, സൈക്കോളജിക്കൽ കൗൺസലിംഗ് എന്നിവ നൽകി മുഖ്യധാരയിലേക്ക് സമന്വയിപ്പിക്കാൻ ശ്രമിക്കുന്ന പ്രതിഭ ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ നിരവധി ചാരിറ്റബിൾ പ്രോജക്ടുകൾക്ക് നേതൃത്വം നൽകുന്നു. 2021 ഒക്ടോബർ 15 ന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷ്യനായി ചുമതലയേറ്റപ്പോൾ മുതൽ റഷ്യൻ ഓർത്തഡോക്സ് സഭയും മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയും തമ്മിലുള്ള സൌഹൃദ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് നൽകിയ സംഭാവനകളെ മാനിച്ച് ഈ വർഷം ഏപ്രിലിൽ മോസ്കോയിലെ റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ കിറിൾ ബാവാ അദ്ദേഹത്തിന് ഓർഡർ ഓഫ് ഗ്ലോറി ആൻഡ് ഓണർ നൽകി ആദരിച്ചു. 2023 സെപ്റ്റംബർ 3 നും 8 നും ഇടയിൽ, പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ ബാവാ മോസ്കോയും സെന്റ് പീറ്റേഴ്സ്ബർഗും സന്ദർശിക്കുകയും ദൈവശാസ്ത്ര, അക്കാദമിക്, ചാരിറ്റബിൾ മേഖലകളിൽ രണ്ട് സഭകൾ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് പരിശുദ്ധ പാത്രിയർക്കീസ് കിറിൾ ബാവായുമായുലുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. റഷ്യയും ഇന്ത്യയും തമ്മിലുള്ള വളരുന്ന ബന്ധത്തിന്റെ കൂടുതൽ സ്ഥിരീകരണമാണ് ഈ അംഗീകാരം. ചടങ്ങിൽ രാഷ്ട്രീയ-സാമുദായിക-സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. 2021 ഒക്ടോബർ 15നാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവ മലങ്കരസഭയുടെ പരമാധ്യക്ഷനായി ചുമതലയേറ്റത്. തന്റെ മുൻഗാമിയുടെ ഓർമ്മക്കായി ഏർപ്പെടുത്തിയ സഹോദരൻ പദ്ധതിയിലൂടെ ജാതി മതഭേദമന്യേ ആയിരക്കണക്കിന് ആളുകളിലേക്ക് ഇതിനോടകം ബാവ സഹായം എത്തിച്ചു. സഭയുടെ പരമാധ്യക്ഷനായി ചുമതല ഏൽക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം ചുമതല വഹിച്ച കണ്ടനാട് ഭദ്രാസനത്തിൽ 14 സാധുജനക്ഷേമ പ്രവർത്തനങ്ങൾ സമൂഹത്തിൽ വിവിധ തലത്തിൽ അവശത അനുഭവിക്കുന്നവർക്കായി ഏർപ്പെടുത്തി നാളിതുവരെ നടത്തിവരികയാണ്. റഷ്യൻ ഓർത്തഡോക്സ് സഭയുമായുള്ള ബന്ധം ഈ കാലയളവിൽ കൂടുതൽ ദൃഢമാക്കി. ഇന്ത്യയിൽ നിന്ന് പ്രശസ്ത ചലച്ചിത്രകാരൻ മൃണാൾസെൻ, ബ്രഹ്മോസ് തലവൻ എ ശിവതാണുപിള്ള , തമിഴ് സാഹിത്യകാരൻ ജയകാന്തൻ തുടങ്ങിയവർക്ക് റഷ്യൻ പ്രസിഡന്റിന്റെ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി ലഭിച്ചിട്ടുണ്ട്. 2024 ജൂലൈയിൽ റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സെയിന്റ് ആൻഡ്രൂ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിലുള്ള നിർണായക പങ്ക് പരിഗണിച്ചായിരുന്നു പുരസ്ക്കാരം. സ്വദേശത്തെയും വിദേശരാജ്യങ്ങളിലെയും പ്രതിഭകളെ ആദരിക്കുന്നതിനായി 1994 ലാണ് റഷ്യ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി ഏർപ്പെടുത്തിയത്. ഐക്യരാഷ്ട്ര സഭയുടെ മുൻസെക്രട്ടറി ജനറൽ ബാൻ കി മൂൺ, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ തുടങ്ങി നിരവധി പ്രമുഖർക്ക് റഷ്യൻ പ്രസിഡന്റ് പുരസ്ക്കാരം സമ്മാനിച്ചു. ശരീരത്തിൽ നെഞ്ചോട് ചേർത്ത് ഇടതുവശത്തായാണ് ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി ധരിക്കേണ്ടത്. ഒലിവ് ഇലകളാൽ ചുറ്റപ്പെട്ട ഭൂഗോളവും അതിനെ ആവരണം ചെയ്യുന്ന പെന്റഗണൽ നക്ഷത്രവും ചേർന്നതാണ് രൂപകൽപ്പന. സമാധാനവും സൗഹൃദവും എന്ന് റഷ്യൻ ഭാഷയിൽ ആലേഖനം ചെയ്തിട്ടുമുണ്ട്.