കേരളോത്സവത്തിൽ ചങ്ങനാശേരി നഗരസഭ ഒന്നാമത്, സമാപനസമ്മേളനം നാളെ ​ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ.


കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ജില്ലാതല കേരളോത്സവത്തിൽ കായിക-കലാ മത്സരങ്ങളിൽ ചങ്ങനാശേരി നഗരസഭ ഒന്നാമതെത്തി.

 

 കലാമത്സരങ്ങളിൽ 123 പോയിന്റ് നേടിയ ചങ്ങനാശേരി നഗരസഭ കായിക മത്സരങ്ങളിൽ 115 പോയിന്റ് കരസ്ഥമാക്കി ആധിപത്യം പുലർത്തി. കലാമത്സരങ്ങളിൽ 86 പോയിന്റോടെ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് രണ്ടാംസ്ഥാനത്തും 39 പോയിന്റോടെ പള്ളം, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തുകൾ മൂന്നാംസ്ഥാനത്തുമെത്തി. കായിക മത്സരങ്ങളിൽ 91 പോയിന്റ് നേടിയ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് രണ്ടാംസ്ഥാനവും 77 പോയിന്റ് കരസ്ഥമാക്കി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മൂന്നാംസ്ഥാനവും നേടി. തിങ്കളാഴ്ച ​ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ​​സമാപന സമ്മേളനം നട​ക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു​ സമാപന സമ്മേളനം​​ ഉദ്ഘാടനം ​ചെയ്യും. വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ അധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ് സമ്മാനവിതരണവും മുഖ്യപ്രഭാഷണവും നിർവഹിക്കും.