കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് വായ്‌പയെടുത്ത് തിരിച്ചടക്കാതെ മലയാളികൾ, 1425 മലയാളികളിൽ 700 ലധികം പേർ നേഴ്‌സുമാർ, കേരളത്തിൽ പോലീസിന്റെ സഹായം തേടി ഗൾഫ്


കോട്ടയം: കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് വായ്‌പയെടുത്ത് തിരിച്ചടക്കാതെ മലയാളികൾ. 700 കോടി രൂപയോളമാണ് മലയാളികൾ കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് ശമ്പള സർട്ടിഫിക്കറ്റ് ജാമ്യം നൽകി വായ്പയെടുത്ത് അടയ്ക്കാതെ മുങ്ങിയിരിക്കുന്നത്.

 

 ഇവരെ കണ്ടെത്താനും തുക തിരിച്ചടയ്ക്കാനും കേരളത്തിൽ പോലീസിന്റെ സഹായം തേടിയിരിക്കുകയാണ് കുവൈത്തിലെ ഗൾഫ് ബാങ്ക്. 1425 മലയാളികളാണ് പണം തിരിച്ചടയ്ക്കാനുള്ളതെന്നാണ് കണക്കുകൾ. ഇവരിൽ 700 ലധികം പേരും നഴ്‌സുമാരാണ്. വായ്പയെടുത്ത ശേഷം നാട്ടിലേക്കും മറ്റു രാജ്യങ്ങളിലേക്കും ഇവർ കടന്നു കളഞ്ഞിരിക്കുന്നതിനാൽ പണം തിരികെ അടപ്പിക്കാൻ ഗൾഫ് ബാങ്കിന് സാധിച്ചിരുന്നില്ല. തുടർന്നാണ് കേരളത്തിൽ പോലീസിന്റെ സഹായം ബാങ്ക് അധികൃതർ തേടിയത്. ഗൾഫ് ബാങ്കിന്റെ ഡപ്യൂട്ടി ജനറൽ മാനേജർ കേരളത്തിൽ എത്തി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് പരാതി നൽകി. ഗൾഫ് ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം-എറണാകുളം ജില്ലകളിലായി 10 കേസുകൾ രജിസ്റ്റർ ചെയ്തു. ആദ്യം ചെറിയ തുകകൾ വായ്പ എടുത്ത് കൃത്യമായി അടയ്ക്കും. പിന്നീട് വലിയ തുകകൾ വായ്പ എടുത്തശേഷം നാട്ടിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ കടക്കും. 3 മാസം മുൻപാണ് തട്ടിപ്പ് ബാങ്ക് അധികൃതർ കണ്ടെത്തിയത്. വായ്പയെടുത്തവരുടെ നാട്ടിലെ വിലാസം ബാങ്കിന്റെ പക്കലുള്ളതിനാൽ ഇത് ഉപയോഗിച്ചാണ് അന്വേഷണം നടത്തുക. സംഭവത്തിൽ കേരളത്തിൽ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറി. എറണാകുളം,കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് വിഭാഗങ്ങളായിരിക്കും കേസ് അന്വേഷിക്കുക.  കുവൈറ്റ് ഗള്‍ഫ് ബാങ്കിൽ നിന്ന് വായ്പയെടുത്തശേഷം അമേരിക്ക, കാനഡ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്കും കേരളത്തിലേക്കും കുടിയേറിയെന്നാണ് അധികൃതര്‍ നൽകുന്ന വിവരം.