ശബരിമല: മണ്ഡല-മകരവിളക് തീർത്ഥാടനത്തോടനുബന്ധിച്ചു ഭക്തജന തിരക്കിൽ എരുമേലിയും സന്നിധാനവും. മണ്ഡലകാല തീർഥാടനത്തിനായി നട തുറന്ന ശേഷമുള്ള ആദ്യത്തെ വലിയ തിരക്ക് ആണ് ഇന്നലെ മുതൽ അനുഭവപ്പെട്ടത്. ശബരിമല നട തുറന്നതിനു ശേഷമുള്ള ആറാം ദിനമാണ് തീർത്ഥാടകർ കൂടുതലായി എത്തിയത്. വ്യാഴാഴ്ച രാവിലെ മുതൽ എരുമേലിയിൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ശബരിമലയിൽ വലിയ നടപ്പന്തൽ വരെ ഭക്തജനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 7 വരെയുള്ള കണക്ക് അനുസരിച്ച് 64,722 പേർ ദർശനം നടത്തി. അതിൽ 8028 പേർ സ്പോട് ബുക്കിങ് സംവിധാനം ഉപയോഗിച്ചവരാണ്. ഇതിനിടെ തീർഥാടകരുടെ എണ്ണം കുറഞ്ഞെന്നുകാട്ടി ശബരിമല സ്പെഷൽ കമ്മിഷണർ നൽകിയ റിപ്പോർട്ട് ഹൈക്കോടതി ഇന്നു പരിഗണിക്കും. വെർച്വൽ ക്യു 80,000 ആക്കിയേക്കും. ശബരിമലയില്‍ കഴിഞ്ഞ വർഷത്തേക്കാൾ ഒന്നര ലക്ഷത്തിലധികം തീർഥാടകര്‍ ഇത്തവണ ദർശനം നടത്തി. മണ്ഡലകാലം ആരംഭിച്ച് ഇന്നലെ വരെ 3,74,071 തീർഥാടകരാണ് ദർശനം നടത്തിയത്.