മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലം ആരംഭിക്കാൻ ഇനി മൂന്നു ദിനങ്ങൾ കൂടി മാത്രം, എരുമേലിയിൽ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ.


എരുമേലി: മണ്ഡല-മകരവിളക്ക് ശബരിമല തീർത്ഥാടന കാലം ആരംഭിക്കാൻ ഇനി മൂന്നു ദിനങ്ങൾ കൂടി മാത്രം. രണ്ടു മാസം നീണ്ടു നിൽക്കുന്ന ശബരിമല തീർത്ഥാടനത്തിന്റെ അന്തിമ ഘട്ട ഒരുക്കത്തിലാണ് എരുമേലി. തീർത്ഥാടകരെ വരവേൽക്കാൻ എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു. ഇനി വരുന്ന രണ്ടു മാസക്കാലം എരുമേലിയിൽ ശരണ മന്ത്രങ്ങൾ മുഴങ്ങിക്കേൾക്കും. ഹോട്ടലുകൾ, കൂൾബാറുകൾ, സിന്ദൂര കടകൾ എന്നിവ പ്രവർത്തനം ആരംഭിക്കാൻ സജ്ജമായിക്കഴിഞ്ഞു. എരുമേലി കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിലും രാജാപ്പടി മുതലുള്ള തകർന്നു കിടന്ന റോഡും ടാറിങ് നടത്തി. എരുമേലി റാന്നി റോഡിൽ ഫോറസ്റ്റ് ഓഫീസിനു സമീപം ഓട വൃത്തിയാക്കൽ അവസാന ഘട്ടത്തിലാണ്. ശബരിമല ഇടത്താവളങ്ങളിൽ ക്രമീകരണങ്ങൾ പൂർത്തിയായെന്നു ദേവസ്വം ബോർഡുകൾ അറിയിച്ചു. മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ചു ക്രമീകരണങ്ങൾ പൂർത്തിയായതായി എരുമേലി ഗ്രാമ പഞ്ചായത്ത് അധികൃതർ അറിയിച്ചു. മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തുറക്കും. തീർത്ഥാടകർക്ക് 16 മുതൽ ദർശനം നടത്താം. പുലർച്ചെ 3 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും വൈകിട്ട് 3 മുതൽ രാത്രി 11 വരെയുമാണ് ദർശന സമയം. നിയുക്ത മേൽശാന്തിമാരാണ് ആദ്യം പടി കയറുന്നത്. ഡിസംബർ 26ന് ആണ് മണ്ഡലപൂജ മകരവിളക്ക് ജനുവരി 14ന്.