എരുമേലി: എരുമേലിക്ക് ഇനി ശരണമന്ത്ര നാളുകൾ ആരംഭിക്കുകയായി. രണ്ടു മാസക്കാലം നീണ്ടുനിൽക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നട ഇന്ന് തുറക്കും. അയ്യപ്പ ദർശനത്തിനായി ഭക്തർ ഇന്നലെ മുതൽ എരുമേലിയിൽ എത്തിത്തുടങ്ങി. വൈകിട്ട് 5ന് മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. വൃശ്ചികം ഒന്നായ നാളെ പുലർച്ചെ 3 മണിക്ക് നട തുറക്കും. ഇന്നലെ പകൽ എരുമേലിയിൽ എത്തിയ ഭക്തജനങ്ങൾ പേട്ടതുള്ളി എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെത്തി ദർശനം നടത്തി. ചില സംഘങ്ങൾ ഇന്നലെയും മറ്റു ചിലർ ഇന്നുമായി ശബരിമലയിലേക്ക് യാത്ര തിരിക്കും. മണ്ഡല-മകരവിളക്ക് താർത്ഥാടനവുമായി ബന്ധപ്പെട്ടു എരുമേലിയിലും ശബരിമലയിലും ഇടത്താവളങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി. ഇത്തവണ കൂടുതൽ ഭക്തർ ദർശനത്തിനായി എത്തുമെന്ന നിഗമനത്തിലാണ് ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.