മാതൃകാപരം! എരുമേലിയിൽ ബസ്സ് യാത്രയ്ക്കിടെ സീറ്റിൽ മറന്നു വെച്ച 2 ലക്ഷം രൂപ സുരക്ഷിതമായി ഉടമയ്ക്ക് തിരികെ നൽകി സ്വകാര്യ ബസ്സ് കണ്ടക്ടർ.


എരുമേലി: എരുമേലിയിൽ ബസ്സ് യാത്രയ്ക്കിടെ സീറ്റിൽ മറന്നു വെച്ച 2 ലക്ഷം രൂപ സുരക്ഷിതമായി ഉടമയ്ക്ക് തിരികെ നൽകി സ്വകാര്യ ബസ്സ് കണ്ടക്ടർ. എരുമേലി റാന്നി റൂട്ടിൽ സർവ്വീസ് നടത്തുന്ന അൽഫിയ ബസ്സിലെ കണ്ടക്ടർ വിഷ്ണു പി ജയദേവ് ആണ് പണമടങ്ങിയ കവർ സുരക്ഷിതമായി ഉടമയുടെ കൈകളിൽ തിരികെയേൽപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയേയിരുന്നു സംഭവം. എരുമേലിയിൽ നിന്നും റാന്നിയിലേക്ക് സർവ്വീസ് നടത്തുകയായിരുന്ന ബസ്സിൽ എരുമേലിയിൽ നിന്നും മറ്റന്നൂർകരയ്ക്ക് ടിക്കറ്റ് എടുത്ത യാത്രികൻ 2 ലക്ഷം രൂപ അടങ്ങിയ കവർ സീറ്റിൽ മറന്നു വെച്ച് സ്റ്റോപ്പിൽ ഇറങ്ങിപ്പോയത്. വീട്ടിൽ എത്തിയപ്പോഴാണ് പണമടങ്ങിയ കവർ ബസ്സിൽ മറന്നു വെച്ച വിവരം യാത്രക്കാരൻ ഓർത്തത്. ഉടൻ തന്നെ റാന്നിയിലേക്ക് തിരിക്കുകയായിരുന്നു. റാന്നിയിൽ എത്തിയപ്പോഴേക്കും ബസ്സ് കണ്ടക്ടർ വിഷ്ണു പണമടങ്ങിയ കവറുമായി ഉടമയെ കാത്തു നിൽക്കുകയായിരുന്നു. ബസ്സിന്റെ സീറ്റിന് അടിയിൽ നിന്നും പണമടങ്ങിയ കവർ ലഭിച്ച വിഷ്ണു ബസ്സിനുള്ളിൽ ഉടമയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് വിവരം പോലീസിൽ അറിയിക്കാനായി തയ്യാറെടുക്കുന്നതിനിടെയാണ് ഉടമ പണമന്വേഷിച്ചു വിഷ്ണുവിന്റെ അടുത്ത എത്തിയത്. കൈകൾ കൂപ്പി നിറകണ്ണുകളോടെ നന്ദി അർപ്പിച്ച് ആണ് പണവുമായി ഉടമ മടങ്ങിയത്. എരുമേലി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഗിരിജ ജയദേവിന്റെ മകനാണ് വിഷ്ണു.