മണിമല: മിഴിവോടെ ചിത്രങ്ങൾ വരയ്ക്കുന്നതിലെ മികവ് മണിമലക്കാരനായ നാലാം ക്ലാസ് വിദ്യാർത്ഥി കിരണിനു സമ്മാനിച്ചത് അസുലഭ നേട്ടം. മണിമല ഏറത്തു വടകര സ്വദേശി അനിൽകുമാർ-നിഷ ദമ്പതികളുടെ മകനും എരുമേലി തുമരംപാറ സർക്കാർ എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയുമായ കിരൺ ആണ് ഇനി സ്‌കൂൾ പാഠപുസ്തകങ്ങൾക്കായി വരയ്ക്കുന്നത്. പാഠപുസ്തകങ്ങളിലേക്ക് ചിത്രങ്ങൾ വരക്കാൻ കുട്ടികളെ തെരഞ്ഞെടുക്കാനായി പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് കിരൺ. 2,4,6,8,10 ക്ലാസുകളിലെ പാഠ പുസ്തകങ്ങൾക്കുള്ള ചിത്രങ്ങൾ വരയ്ക്കാനാണ് ഈ വർഷം കുട്ടികളെ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ളത്. മികച്ച ബാല ചിത്ര രചയിതാക്കളായ വിദ്യാർത്ഥികളെ കണ്ടെത്താനും പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. തുമരംപാറ സർക്കാർ എൽ പി സ്കൂളിലെ മലയാളം അധ്യാപികയാണ് കിരണിന്റെ അമ്മ നിഷ.