കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടെ ബസ്സിനടിയിൽപ്പെട്ടു ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി വിഴിക്കത്തോട് സ്വദേശി നന്ദു (19 )ആണ് മരിച്ചത്. പൊൻകുന്നം-എരുമേലി റോഡിൽ പരുന്തുംമല പെട്രോൾ പമ്പിന് സമീപം ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. വിഴിക്കത്തോട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ആനക്കല്ല് സ്വദേശികളായ മരംകൊള്ളിൽ പ്രകാശ്-ബിന്ദു ദമ്പതികളുടെ മകനാണ് നന്ദു. സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടെ നന്ദുവിന്റെ ബൈക്ക് ബസ്സിനടിയിൽപ്പെടുകയായിരുന്നു. ബസ്സിന്റെ ചക്രങ്ങൾ നന്ദുവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. കോട്ടയം മറ്റക്കര ടോംസ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയായിരുന്നു നന്ദു. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അഗ്നിരക്ഷാ സേനയെത്തിയാണ് റോഡിൽ പരന്ന രക്തം കഴുകി കളഞ്ഞത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അനന്തു,അശ്വതി എന്നിവരാണ് സഹോദരങ്ങൾ.