കോട്ടയം: കോട്ടയത്ത് സ്കൂൾ വിദ്യാർഥിനിയെ കാറിൽ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ അതിരമ്പുഴ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
അതിരമ്പുഴ മാർക്കറ്റ് പുത്തൻപുരയ്ക്കൽ വീട്ടിൽ പി.എൻ. ആസിഫിനെ (28) ആണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കോട്ടയം മൂലേടത്ത് രാവിലെ 8 മണിയോടെ ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിനിയെയാണ് ഇയാൾ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. വിദ്യാർത്ഥിനിയുടെ പിതാവ് പറഞ്ഞു വിട്ടതാണെന്നും കാറിൽ കയറിക്കോ വീട്ടിൽ എത്തിക്കാം എന്നും പറയുകയായിരുന്നു. സംശയം തോന്നിയ വിദ്യാർത്ഥിനി വീട്ടിലേക്ക് ഓടുകയായിരുന്നു. വീട്ടിലെത്തി കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു. രക്ഷിതാക്കൾ നൽകിയ പരാതിയിൽ ചിങ്ങവനം പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇയാൾക്കെതിരെ ഏറ്റുമാനൂർ എക്സൈസിൽ കഞ്ചാവ് കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. വിദ്യാർത്ഥിനി പറഞ്ഞ കാറിന്റെ അടയാളങ്ങൾ വെച്ചു പോലീസ് സി സി ടി വി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ചിങ്ങവനം പോലീസ് ഇൻസ്പെക്ടർ വി.എസ്.അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ വി.വി.വിഷ്ണു, ഷിബുകുമാർ, സി.പി.ഒ.മാരായ റിങ്കു, സഞ്ജിത്ത്, ദിലീപ്, വിനോദ് മാർക്കോസ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.