വൈക്കം: കോട്ടയം വൈക്കത്ത് കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് സീനിയർ സൂപ്രണ്ടിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.
വൈക്കം അക്കരപ്പാടത്ത് വിദ്യാഭ്യാസ വകുപ്പ് ഓഫീസ് സീനിയർ സൂപ്രണ്ടായ കുലശേഖരമംഗലം സ്വദേശി ശ്യാം കുമാറിനെയാണ് മൂവാറ്റുപുഴയാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് ശ്യാം കുമാറിനെ കാണാതായിരുന്നു. ഇതേത്തുടർന്ന് കുടുംബം വൈക്കം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ശ്യാം കുമാർ അമിത ജോലിഭാരം നേരിട്ടിരുന്നെന്നും പരാതിയിൽ കുടുംബം ആരോപിച്ചിരുന്നു. വൈക്കത്ത് എഇഒയുടെ കൂടി ചുമതല ശ്യാംകുമാർ വഹിച്ചിരുന്നു. വൈക്കം പൊലീസ് എത്തിയാണ് മൃതദേഹം കരയ്ക്ക് കയറ്റിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.