കോട്ടയം: കാഞ്ഞങ്ങാട് വിവാഹ ചടങ്ങുകൾ കഴിഞ്ഞു മടങ്ങുന്നതിനിടെ കോട്ടയം സ്വദേശിനികളായ 3 പേർ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ചു. ചിങ്ങവനം പാലക്കുടി വീട്ടിൽ ചിന്നമ്മ ഉതുപ്പായ് (73), നീലംപേരൂർ പരപ്പൂത്തറ ആലീസ് തോമസ് (61), എയ്ഞ്ചലീന ഏബ്രഹാം (30) എന്നിവരാണു മരിച്ചത്. ശനിയാഴ്ച രാത്രി 7.10ന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് അപകടം ഉണ്ടായത്. കോട്ടയത്തുനിന്നു കള്ളാറിൽ വിവാഹ ചടങ്ങുകൾക്ക് എത്തിയ ശേഷം മടങ്ങിയ 50 അംഗ സംഘത്തിലെ മൂന്നു പേരാണു ട്രെയിൻ തട്ടി മരിച്ചത്. കള്ളാർ അഞ്ചാലയിലെ ജോർജ് തെങ്ങുംപള്ളിയിലിന്റെ മകൻ ജസ്റ്റിൻ ജോർജിന്റെയും ചിങ്ങവനം പരപ്പൂത്തറ ബിജു ജോർജജിന്റെയും ലിനുവിന്റെയും മകൾ മാർഷയുടെയും വിവാഹത്തിന് ഇന്നലെ രാവിലെ മലബാർ എക്സ്പ്രസിലാണു ചിങ്ങവനത്തു നിന്നും 50 അംഗ സംഘം എത്തിയത്. കള്ളാർ സെന്റ് തോമസ് പള്ളിയിലായിരുന്നു വിവാഹം. ചടങ്ങുകൾ കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ദാരുണമായ അപകടം ഉണ്ടായത്. രാത്രി മലബാർ എക്സ്പ്രസിൽ തിരികെ പോകാനായി റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു. ട്രാക്ക് കുറുകെ കടന്നു രണ്ടാം പ്ലാറ്റ്ഫോമിലെത്തിയ ഇവർ ട്രെയിൻ ഒന്നാം പ്ലാറ്റ്‌ഫോമിലാണ് എത്തുകയെന്നറിഞ്ഞു തിരികെ നടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തുനിന്നെത്തിയ കോയമ്പത്തൂർ – ഹിസാർ എക്സ്പ്രസ് ഇടിച്ചാണ് അപകടം ഉണ്ടായത്. മകളുടെ വിവാഹത്തിനെത്തിയ ഭാര്യാമാതാവ് ഉൾപ്പെടെയുള്ളവർ ട്രെയിൻതട്ടി മരിച്ചതിന്റെ ഞെട്ടലിലാണു ബിജു. സംഭവസ്ഥലത്തു നിന്നു 150 മീറ്റർ അപ്പുറത്ത് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൂന്നു പേരുടെയും ശരീരം തിരിച്ചറിയാൻ പറ്റാത്ത നിലയിലായിരുന്നു. വിവാഹ സംഘത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർ മലബാർ എക്സ്പ്രസിൽ തന്നെ കോട്ടയത്തേക്ക് മടങ്ങി. വിവരമറിഞ്ഞു ജിലാ പോലീസ് മേധാവി ഡി.ശില്പയുൾപ്പടെയുള്ളവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം രാത്രിയിൽ തന്നെ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. ചിന്നമ്മയുടെ ഭർത്താവ്: പി.എ.ഉതുപ്പായ്. മക്കൾ: ലിജു, ലിനു, സിനു. ആലീസിന്റെ ഭർത്താവ്: പി.എ.തോമസ്. മക്കൾ: മിഥുൻ, നീതു. മല്ലപ്പള്ളി തുരുത്തിക്കാട് പയ്യനാട്ട് കുടുംബാഗമാണ് എയ്ഞ്ചല. ഭർത്താവ് റോബർട്ട് കുര്യാക്കോസ് യുകെയിൽ എൻജിനീയറാണ്. പാലക്കാട്ട് നഴ്സായി ജോലി ചെയ്യുന്ന എയ്ഞ്ചല വിവാഹത്തിനു പോകാനായി ഴിഞ്ഞദിവസമാണു കോട്ടയത്തെത്തിയത്.