തിരുവനന്തപുരം: സംസ്ഥാനത്ത് 7 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തീരദേശ വടക്കൻ ആന്ധ്രാപ്രദേശിന് മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതായും ഇന്ന് ഇത് മധ്യ പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജസ്ഥാന് മുകളിൽ സ്ഥിതിചെയ്തിരുന്ന ന്യുന മർദ്ദം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞു. മധ്യ പടിഞ്ഞാറൻ അറബിക്കടൽ ന്യുന മർദ്ദം ഒമാൻ തീരത്തിന് സമീപം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞതായും ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ/ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 8 ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.