കോട്ടയം: കോട്ടയം കൈപ്പുഴമുട്ടിൽ കാർ നിയന്ത്രണംവിട്ടു പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത് മഹാരാഷ്ട്രാ സ്വദേശികൾ. മഹാരാഷ്ട്രാ സ്വദേശിനിയായ സായ്‌ലി രാജേന്ദ്ര സർജ(27)യും ഒരു യുവാവുമാണ് മരിച്ചത്. യുവാവിന്റെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇരുവരുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. കൈപ്പുഴമുട്ടിൽ നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് മറിയുകയായിരുന്നു. പാലത്തിനു സമീപത്തു കൂടിയുള്ള സർവ്വീസ് റോഡിലൂടെ കയറിയ കാറാണ് പുഴയിലേക്ക് പതിച്ചത്. വഴിയറിയാതെ എത്തിയവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് നിഗമനം. കോട്ടയം ഭാഗത്തു നിന്നുമെത്തിയ കാർ കുമാരകത്തേക്കോ എറണാകുളം ഭാഗത്തേക്കോ പോകുന്നതിനായാകണം ഇതുവഴി എത്തിയത്. എറണാകുളത്തു നിന്നും വാടകയ്‌ക്കെടുത്ത കാറാണ് അപകടത്തിൽപ്പെട്ടത്. വഴിയറിയാതെ എത്തിയവരാണ് അപകടത്തിൽപ്പെതെന്നാണ് നിഗമനം. വാഹനം ഇടവഴിയിലേക്ക് ഇറങ്ങിയത് എങ്ങനെയെന്ന് അറിയാൻ സാധിച്ചിട്ടില്ല. ഗൂഗിൾ മാപ്പ് നോക്കി എത്തിയ ശേഷം ദിശ തെറ്റിയാണോ അപകടമുണ്ടായതെന്നും പരിശോധിക്കും. കാറിൽ നിന്നും നിലവിളിയുയർന്നത് കേട്ടാണ് നാട്ടുകാർ ഇവിടേക്ക് ഓടിയെത്തിയത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചു അഗ്നിരക്ഷാ സേനയും സ്‌കൂബാ ടീമും പോലീസും സ്ഥലത്തെത്തി തെരച്ചിലിനൊടുവിലാണ് കാർ കണ്ടെത്തിയത്. കാറിന്റെ ചില്ല് തകർത്താണ് കാറിലുണ്ടായിരുന്ന രണ്ടു പേരെ പുറത്തെടുത്തത്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മന്ത്രി വി എൻ വാസവൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മരണപ്പെട്ടവരുടെ വിവരങ്ങൾ കണ്ടെത്തി എത്രയും വേഗം ബന്ധുക്കളെ വിവരമറിയിക്കുമെന്നു കോട്ടയം ജില്ലാ പോലീസ് മേധാവി പറഞ്ഞു.