കാലവർഷം: ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ ദുരന്തനിവാരണ അതോറിട്ടി.

കോട്ടയം: സംസ്ഥാനത്തെ രൂക്ഷമായ കാലവർഷസാഹചര്യത്തിൽ ജില്ലയിൽ മുൻകരുതലുകളും ഒരുക്കങ്ങളും വിലയിരുത്താൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ജില്ലാ ദുരന്തനിവാരണ അതോറിട്ടി യോഗം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു.

 

 സംസ്ഥാനത്തെ നിലവിലെ കാലാവസ്ഥയിൽ കരുതലോടെ തന്നെ ഇരിക്കണമെന്നും വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ വിവിധ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ദുരന്തനിവാരണം സംബന്ധിച്ചു തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ സർക്കാർ ഉത്തരവു പ്രകാരമുള്ള കാര്യങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടർ പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം അടിയന്തരമായി ചേരണം. മണ്ണിടിച്ചിൽപോലെയുള്ള അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ആറു സ്ഥലങ്ങൾ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലായി തിരിച്ചറിഞ്ഞിട്ടുണ്ട്.  ദുരന്തസാധ്യതയുണ്ടാകുന്ന പക്ഷം ഈ പ്രദേശങ്ങളിലുള്ളവരെ മുൻകരുതൽ എന്ന നിലയിൽ മാറ്റിപ്പാർപ്പിക്കണം. ക്യാമ്പുകളിലേക്കു വരാൻ തയാറാകാത്തവരെ ബന്ധവീടുകളിലേക്കെങ്കിലും മാറ്റണം. ക്യാമ്പുകളിലെ ഭക്ഷണം, കുടിവെള്ളം, ശുചിമുറി സൗകര്യങ്ങൾ, വൃത്തി എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണം. ക്യാമ്പുകളിൽ പകർച്ചവ്യാധി ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളും അടിയന്തരചികിത്സയ്ക്കുവേണ്ട സൗകര്യങ്ങളും ആരോഗ്യവകുപ്പ് ഒരുക്കണം.  ക്യാമ്പുകളിലെ മാലിന്യങ്ങൾ ശേഖരിക്കുന്നതിനും തരംതിരിക്കുന്നതിനുമുള്ള സൗകര്യം തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ചു ശുചിത്വമിഷൻ ഒരുക്കണം. ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ ശുചിമുറികളും പൈപ്പുകളും പൂട്ടിയിടുന്നില്ല എന്ന് വിദ്യാഭ്യാസവകുപ്പ് ഉറപ്പാക്കണം. അടിയന്തരസാഹചര്യങ്ങളിൽ ഉപയോഗിക്കാനായുള്ള ആംബുലൻസുകളുടെ പട്ടിക, യന്ത്രങ്ങൾ, ചെറുവാഹനങ്ങൾ തുടങ്ങിയവ ലഭ്യമാക്കുന്നവരുടെ ഫോൺനമ്പറുകൾ എന്നിവ ക്രോഡീകരിക്കണം. വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തപ്പെടുത്തണം. താലൂക്ക്തലത്തിൽ കൺട്രോൾ റൂമുകൾ സജ്ജമാണ്. താലൂക്ക്തല പ്രവർത്തികൾ ഏകോപിപ്പിക്കുന്നതിന് ഡെപ്യൂട്ടി കളക്ടർമാരെ ചുമതലപ്പെടുത്തും. ഓരോപ്രദേശത്തെയും ബന്ധപ്പെട്ട ജനപ്രതിനിധികളുമായി മെച്ചപ്പെട്ട സഹകരണം വേണം. സന്നദ്ധസംഘടനകളുമായി മികച്ച സഹകരണത്തിന് ശ്രദ്ധിക്കണം. അപകടരമായ മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റുന്നതിന് പൊതുമരാമത്ത് വകുപ്പ് അടിയന്തര ശ്രദ്ധ ചെലുത്തണം. കൃഷി ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗം വിളിച്ച് കൃഷിനാശത്തിന്റെ വ്യാപ്തി ദിവസവും പുതുക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. ഗ്രാമപഞ്ചായത്ത് തലത്തിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു മുന്നൊരുക്കങ്ങൾ വിലയിരുത്തണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു. ക്യാമ്പുകളിലേക്കു കിടപ്പുരോഗികളെയും ഭിന്നശേഷിക്കാരെയും മാറ്റുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. അഡീഷണൽ എസ്.പി: എം.ആർ. സതീഷ്‌കുമാർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, പുഞ്ച സ്‌പെഷൽ ഓഫീസർ എം. അമൽ മഹേശ്വർ, ജില്ലാ തല ഉദ്യോഗസ്ഥർ, തഹസീൽദാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.