കാഞ്ഞിരപ്പള്ളി: മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാലാ വലവൂർ സ്വദേശിയായ ഇളംതോട്ടത്തിൽ അരുൺ ചന്ദ്രൻ (29) ആണ് മരിച്ചത്.
ശക്തമായ ഒഴുക്കുള്ള സമയത്ത് ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ചിറക്കടവ് മൂന്നാം മൈലിൽ ചെക്ക് ഡാമിൽ ഞായറാഴ്ച വൈകീട്ട് നാലു മണിയോടെയാണ് യുവാവ് ഒഴുക്കിൽപ്പെട്ടത്. ഒഴുക്കിൽപ്പെട്ടു കാണാതായി മൂന്നാം ദിവസമാണ് മണിമലയാറ്റിൽ പഴയിടം കോസ് വേയ്ക്ക് സമീപത്തു നിന്നും മൃതദേഹം കണ്ടെത്തിയത്.
കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാ സേനയും ഈരാറ്റുപേട്ടയിൽനിന്ന് ടീം എമർജൻസിയും സംയുകതമായാണ് തിരച്ചിൽ നടത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.