ചങ്ങനാശ്ശേരി: ബണ്ണിനുള്ളിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ 2 യുവാക്കൾ ചങ്ങനാശ്ശേരിയിൽ പിടിയിൽ. ചങ്ങനാശേരി പുഴവാത് കോട്ടച്ചിറ വീട്ടിൽ അമ്പാടി ബിജു (23), ചങ്ങനാശേരി റെയിൽവേ സ്റ്റേഷനു സമീപം തോപ്പിൽ താഴെയിൽ വീട്ടിൽ അഖിൽ ടി.എസ് (24) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഇവരിൽ നിന്നും 20 ഗ്രാം എംഡിഎംഎ പിടികൂടിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചങ്ങനാശേരി പൊലീസും ചേർന്നാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ യുവാക്കളെ പിടികൂടിയത്.
20 ഗ്രാം എംഡിഎംഎ ഇരുവരും ചേർന്ന് ബണ്ണിനുള്ളിൽ ഒളിപ്പിച്ചു കടത്താനാണ് ശ്രമം നടത്തിയത്. ബംഗളൂരുവിൽ നിന്നും അന്തർ സംസ്ഥാന ബസിൽ കടത്തിക്കൊണ്ടു വന്ന ലഹരി മരുന്നാണ് പൊലീസ് സംഘം പിടികൂടിയത്. ബസ്സിൽ എത്തിയ യുവാക്കളെ പോലീസ് പിടികൂടുകയായിരുന്നു.