അറബിക്കടലിൽ 'അസ്‌ന'! സംസ്ഥാനത്ത് മഴ ശക്തമാകുന്നു,കോട്ടയം ജില്ലയിൽ ഇന്നും യെല്ലോ അലേർട്ട്.


കോട്ടയം: വടക്ക് കിഴക്കൻ അറബിക്കടലിനും പാകിസ്ഥാൻ തീരത്തിനും മുകളിലായി 'അസ്ന' ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 



ഇന്ത്യൻ തീരത്ത് നിന്ന് അകന്ന് പോകുന്ന അസ്ന നാളെ രാവിലെ വരെ ചുഴലിക്കാറ്റായി തുടരും. തുടർന്നു സെപ്റ്റംബർ 2 രാവിലെയോടെ തീവ്ര ന്യുന മർദ്ദമായി ശക്തി കുറയാൻ സാധ്യതയുള്ളതയും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ആന്ധ്രാ പ്രദേശിനും തെക്കൻ ഒഡിഷ തീരത്തിനും സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യുന മർദ്ദം തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് അർദ്ധ രാതിയോടെ വിശാഖപട്ടണത്തിനും ഗോപാൽപ്പൂരിനും ഇടയിൽ കലിംഗപട്ടണത്തിന് സമീപം കരയിൽ പ്രവേശിക്കാൻ സാധ്യത. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 3 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കോട്ടയം ജില്ലയിൽ ഇന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.